ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സംഘടനയുടെ സ്ഥിരീകരണം. നവംബറില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായിട്ടാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
ഐഎസിന്റെ ഓണ്‍ലൈന്‍ മാസികയായ ദാബിഖിലൂടെയാണ് ജിഹാദി ജോണിന്റെ മരണം ഇവര്‍ സ്ഥിരീകരിച്ചത്. ഐഎസ് ശക്തികേന്ദ്രമായ സിറിയയിലെ റാഖയില്‍ കഴിഞ്ഞ നവംബര്‍ 12 ന് നടന്ന വ്യോമാക്രമണത്തിലാണ് ജിഹാദി ജോണ്‍ കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ച കാര്‍ ഡ്രോണ്‍ വിമാനങ്ങള്‍ വഴി ബോംബിട്ട് തകര്‍ക്കുകയായിരുന്നു.
നേരത്തെ, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഐഎസ് നിഷേധിച്ചിരുന്നു. യു.എസ് മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് ഫോളിയെ കഴുത്തറത്ത് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളുമായാണ് ഇയാള്‍ ആദ്യം ഓണ്‍ലൈന്‍ വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നും പല വീഡിയോകളിലും കൊലപാതകിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് മുഹമ്മദ് എംവസി എന്ന ഇയാള്‍ ജിഹാദി ജോണ്‍ എന്നറിയപ്പെട്ടത്.
യുകെയിലെ സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയ്ന്‍സ്, ടാക്സി ഡ്രൈവറായിരുന്ന അലന് ഹെന്നിങ് എന്നിവരെ കൊലപ്പെടുത്തിയതും ജിഹാദി ജോണ്‍ ആയിരുന്നു.
അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യന്വേഷണ ഏജന്‍സികള്‍ ഇയാളുടെ നീക്കങ്ങള്‍ ഏറെ നാളായി നിരീക്ഷിച്ചുവരുകയായിരുന്നു. കുവൈറ്റില്‍ ജനിച്ച ഇയാള്‍ ലണ്ടനില്‍ കമ്പ്യൂട്ടര്‍ പ്രോഗാമറായിരുന്നു. 2012 ലാണ് സിറിയയിലേക്ക് കടന്നത്. ജിഹാദി ജോണിന്റെ മരണം ലോകത്തിന് ആശ്വാസകരമായ വാര്‍ത്തയാണെന്ന് ബ്രിട്ടീഷ് പ്രധാനനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു.