ആകാശ ദീപങ്ങള്‍ സാക്ഷി

വരികൾക്ക് ഇത്രയും സൗന്ദര്യമോ എന്ന് കൊതിപ്പിച്ച മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. വേർപാടിന്‍റെ ആറാം വർഷത്തിലും വിട്ടു പിരിയാതെ ആ പാട്ടുകൾ കൂടെയുണ്ട്.

തൊണ്ണൂറുകളിലെ മലയാള സിനിമയിൽ വരികളിലെ ലാവണ്യമായിരുന്നു പുത്തഞ്ചേരി. ആദ്യ ചിത്രം മറ്റൊന്നായിരുന്നു എങ്കിലും വരവറിയിച്ചു 92ൽ ജോണിവാക്കറിലൂടെ.

പിന്നീടങ്ങോട്ട് പാട്ടിന്‍റെ കൈക്കുടന്ന നിറയെ മധുരം കുടഞ്ഞിട്ടു പുത്തഞ്ചേരി മലയാളത്തിൽ. ഏകാന്തരാവിൽ വിരഹത്തിന്‍റെ സൂര്യകിരീടം വീണുടഞ്ഞത് 94ൽ, എം ജി രാധാകൃഷ്ണന്‍റെ സംഗീതം. എം ജിയോടൊപ്പം ചേർന്ന്, നിലാവിന്‍റെ നീലഭസ്മ കുറിയിട്ട കുറെ നല്ല പാട്ടുകൾ പിന്നെയും.

ഈ പുഴയും കടന്നെത്തിയ മലയാളത്തിന്‍റെ സൗഭാഗ്യം പട്ടുപാവാടയും ചുറ്റി നൃത്തമാടിയെത്തിയപ്പോൾ തോന്നി ആ വരികളും സംഗീതവും കൂടിയാണ് മഞ്ജുവിന് ഇത്രയും ഭംഗി നൽകിയതെന്ന്.

പിന്നെയും പിന്നെയും കിനാവിന്‍റെ പടി കടന്നെത്തി നല്ല പാട്ടിന്‍റെ പദനിസ്വനം. രവീന്ദ്രൻ മാഷിനൊപ്പം ചേർന്നപ്പോഴെല്ലാം തകർത്താടി ഗിരീഷിലെ രചനാവൈഭവം. കന്മദത്തിലെ കൊതിപ്പിക്കുന്ന ആ മെലഡി, മൂവന്തി താഴ്‍ വരയിൽ.. പിന്നെ ആവർത്തിച്ച് കേട്ടാലും മതിവരാത്ത ആറാംതമ്പുരാനിലെ ഹരിമുരളീരവം.

എന്തു പറഞ്ഞാലും നീയെന്‍റേതല്ലേ വാവേ എന്ന് ഗിരീഷ് എഴുതിയപ്പോൾ നിന്നു ചിണുങ്ങാതെ കൂടെ പോന്നു രാജാസാറിന്‍റെ സംഗീതം.

കാർമുകിൽ വർണ്ണന്‍റെ ചുണ്ടിൽ ഓടക്കുഴലായി ആ വരികൾ കരയിപ്പിച്ചത് ചിത്ര ചേച്ചിയെ മാത്രമല്ല.

ഒടുവിൽ യാത്ര പറയാൻ പോലും നിൽക്കാതെ ഗിരീഷ് ഓർമ്മയായപ്പോൾ തേങ്ങിയത് മലയാളം മുഴുവനാണ്. വിട്ടുമാറിയിട്ടില്ല ആ ശോകം ഇന്നും.

 

Close