കണ്ണൂര്‍: സിപിഎം അക്രമത്തില്‍ പാപ്പിനിശേരിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സുജിത്തിന്റെ മൃതദേഹവും കൊണ്ടുപോയ ആംബുലന്‍സിന്റെ ഓഫീസിന് നേര്‍ക്കും സിപിഎം അക്രമം. സുജിത്തിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്നും അരോളിയിലെ വീട്ടിലേക്കും കൊണ്ടുപോയ ആംബുലന്‍സിന്റെ ഓഫീസിന് നേര്‍ക്കാണ് സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞത്.
തലശ്ശേരിയിലെ ജഗന്നാഥ സേവാകേന്ദ്രം എന്ന സന്നദ്ധസംഘടനയുടെ ആമ്പുലന്സിലായിരുന്നു സുജിത്തിന്റെ മൃതദേഹം കൊണ്ടുപോയത്. പാപ്പിനിശേരി പഞ്ചായത്ത് ശ്മാശനത്തില്‍ സുജിത്തിന്റെ ചിത അണയുന്നതിന് മുമ്പുതന്നെ ജഗന്നാഥ സേവാകേന്ദ്രത്തിന്റെ ഓഫീസിന് നേരെ സി.പി.എം സംഘം ബോംബെറിഞ്ഞിരുന്നു. സുജിത്ത് കൊല്ലപ്പെട്ടതില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം കളവാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവം. അക്രമത്തില്‍ കെട്ടിടത്തിന്റെ ജന്നല്‍ചില്ലുകള്‍ പൊട്ടുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സുജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയത്. അക്രമികളെ തടയാനെത്തിയ സുജിത്തിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും സംഘം മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് പാപ്പിനിശേരി മണ്ഡലം മുന്‍ കാര്യവാഹക് ആയിരുന്നു സുജിത്.