ഇസ് ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ റെയ്ഡ്. ബഹാവല്‍പൂര്‍, ഝലൂം, ഗുജ്രന്‍വാല തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ആക്രമണത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചതിന് പിന്നാലെ ആയിരുന്നു റെയ്ഡ്.
ഇന്ത്യയിലുണ്ടായ ഒരു ആക്രമണത്തില്‍ ഇത്ര വേഗം പാകിസ്ഥാന് നടപടിയെടുക്കുന്നത് ആദ്യമായിട്ടാണ്. ബഹാവല്‍പൂരില്‍ നിന്നുള്ള തീവ്രവാദികളാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആദ്യം മുതല്‍ സംശയം പ്രകടിപ്പിച്ചിരുന്നു. റെയ്ഡില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ടെങ്കിലും ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.
ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെയും ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെയും ഐബിയുടെയും മിലിട്ടറി ഇന്റലിജന്‍സിന്റെയും സംയുക്ത സംഘത്തെയാണ് അന്വേഷണത്തിനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയോഗിച്ചത്. ഇന്ത്യയുടെ ആരോപണങ്ങളില്‍ അന്വേഷണം സുതാര്യമായിരിക്കുമെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്താന്‍കോട്ട് ആക്രമണത്തിന് എത്തിയ ഭീകരര്‍ ബന്ധപ്പെട്ട പാകിസ്ഥാനിലെ ടെലിഫോണ്‍ നമ്പര്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കൈമാറിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റെയ്ഡ് നടന്നതെന്നാണ് സൂചന.