ശ്രീനഗർ : കശ്മീരിൽ ബിജെപിയുമായി സഖ്യം തുടരുമെന്ന് പി ഡി പി വക്താവ് മെഹബൂബ് ബേഗ് അറിയിച്ചു . കോൺഗ്രസ് പോലുള്ള സംഘടനകളുമായി സഖ്യത്തിനുള്ള യാതൊരു സാദ്ധ്യതകളുമില്ലെന്നും ബേഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിന് ശേഷം ഏറ്റവും അടുത്ത സമയത്ത് തന്നെ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . പി ഡി പി ജനവിധി അംഗീകരിക്കുന്നുവെന്നും മുഫ്തി മുഹമ്മദ് സയ്ദ് മന്ത്രിസഭ മുന്നോട്ടു വച്ച വികസന അജണ്ട പിന്തുടരുമെന്നും ബേഗ് വ്യക്തമാക്കി.
ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദ് ജനുവരി 7 ന് അന്തരിച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത് . ഇതിനിടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മെഹബൂബ മുഫ്തിയെ സന്ദർശിച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു .
കോൺഗ്രസുമായി പിഡിപി സഖ്യത്തിന് സാദ്ധ്യത ആരായുന്നതായുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു . എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതായിരുന്നു മെഹബൂബ് ബേഗിന്റെ പരാമർശം.