തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലപാട് വിശദമാക്കി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയേക്കും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സത്യവാങ്മൂലം നല്കാന് ദേവസ്വം വകുപ്പ് ആലോചിക്കുന്നത്.
പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നത് ആചാര വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുക. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ആവശ്യമെങ്കില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ക്കാനും ദേവസ്വം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്ന സുപ്രീംകോടതി നിരീക്ഷണം സംസ്ഥാന സര്‍ക്കാരും ദേവസ്വം വകുപ്പും വരുത്തിയ വീഴ്ച മൂലമാണെന്ന് ആക്ഷേപം ഉണ്ടായിരുന്നു. വസ്തുതകള്‍ കോടതിയെ ധരിപ്പിക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം വകുപ്പും പരാജയപ്പെട്ടുവെന്നായിരുന്നു പ്രധാന വിമര്‍ശനം. ഈ സാഹചര്യത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ കൈ കടത്തില്ലെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമലയിലെ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും അവിടുത്തെ നടപടിക്രമങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇന്നുവരെ ഇടപെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.