കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരേ എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു.
2006 ലെ സ്വാതന്ത്ര്യദിനത്തിലാണ് എറണാകുളം പാനായികുളത്ത് ഹാപ്പി ഓഡിറ്റോറിയത്തില്‍ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം എസ്ഐ കെ.എന്‍ രാജേഷിന്റെ നേതൃത്വത്തില്‍ യോഗസ്ഥലത്ത് നടത്തിയ റെയ്ഡില്‍ ദേശ വിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ 16 പേരെ പ്രതികളാക്കുകയും ചെയ്തിരുന്നു.
5 പേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി ബാക്കിയുള്ള 11 പേരെ വെറുതെ വിട്ടു. ഇതിനെതിരെയാണ് എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ വെറുതെ വിട്ടത്. തുടര്‍ന്നാണ് അപ്പീല്‍ നല്കാന് എന്‍ഐഎ തീരുമാനിച്ചത്.
കുറ്റക്കാരായി കണ്ടെത്തിയ അഞ്ച് പ്രതികളില്‍ രണ്ട് പേര്‍ക്ക് 14 വര്‍ഷവും മൂന്ന് പേര്‍ക്ക് 12 വര്‍ഷവുമായിരുന്നു ശിക്ഷ വിധിച്ചത്. ഗൂഢാലോചന, സംഘംചേരല്‍, രാജ്യദ്രോഹപ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.