ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മൊഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ കസ്റ്റഡിയിലെടുത്തതായി പാകിസ്ഥാന് സ്ഥിരീകരിച്ചു. പഞ്ചാബ് പ്രവിശ്യാ നിയമമന്ത്രി റാണ സനാവുളളയാണ് മസൂദിനെ കരുതല്‍ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചത്.
ഇത് സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പാകിസ്ഥാന് സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്. മസൂദിന്റെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇന്നലെയും പാകിസ്ഥാന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മസൂദ് അസറാണെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീവ്രവാദ വിരുദ്ധ വിഭാഗമാണ് മസൂദ് അസറിനെ കസ്റ്റഡിയിലെടുത്തതെന്നും റാണ സനാവുളള വ്യക്തമാക്കി.
എന്നാല്‍ പത്താന്‍കോട്ട് ആക്രമണത്തിലെ മസൂദിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുവുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജെയ്ഷെ മൊഹമ്മദിന്റെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി പാകിസ്ഥാന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ കടുത്ത നയതന്ത്ര സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് മസൂദിനെതിരേ ഇത്രവേഗത്തില്‍ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന് തയ്യാറായത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ പോലും പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു.