കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ കക്ഷിചേരണോയെന്ന് കേസിന്റെ വസ്തുതകള്‍ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. നിലവിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി മുന്നോട്ടു പോകണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജുഡിഷ്യല്‍ അക്കാദമിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍നേട്ടം കൈവരിക്കുമെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്കുന്ന സൂചനകള്‍ അതാണെന്നും സദാനന്ദ ഗൗഡ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റിനു മുന്നോടിയായി വിവിധ മേഖലകളില്‍ ഉള്ളവരുമായി അദ്ദേഹം ആശയ വിനിമയവും നടത്തി.