കോട്ടയം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി സ്വന്തം ജില്ലയായ കോട്ടയത്ത് നടത്തിയ ഉദ്ഘാടന പ്രഹസനങ്ങളില്‍ ഒന്നാണ് നഗരമധ്യത്തിലെ ആകാശ നടപ്പാത. കോട്ടയത്തിന്റെ മുഖഛായതന്നെ മാറ്റുമെന്ന് പറഞ്ഞ ഈ പദ്ധതിയാണ് ഇന്ന് നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
മൂന്ന് ദശാബ്ദത്തിലേറെയായി അക്ഷരനഗരിയുടെ ഹൃദയഭാഗമായിരുന്ന റൗണ്ടാന പോളിച്ചാണ് ആകാശനടപ്പാത നിര്‍മ്മിക്കാനൊരുങ്ങിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആകാശനടപ്പാതയുടെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ പിന്നീടാണ് മനസിലായത്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്ഥലം എംഎല്‍എയും മന്ത്രിയുംകൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ ഒരു നാടകമായിരുന്നു ഇതെന്ന്.
ഞായറാഴ്ചകളില്‍ പുതുപ്പള്ളിയില്‍ എത്തുന്ന മുഖ്യമന്ത്രി കോട്ടയത്ത് കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങളില്‍ ഒന്നുമാത്രായി ഒതുങ്ങി ഈ ആകാശനടപ്പാതയുടെ നിര്‍മ്മാണ ഉദ്ഘാടനം. നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചു എന്നു മാത്രമല്ല, നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം കൂടിയായിരിക്കുകയാണ് ഇപ്പോഴും സ്വപ്നത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ആകാശനടപ്പാത.