കൊല്ലം: പരവൂര്‍ ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി നടന് മമ്മൂട്ടി പരവൂരില്‍. സ്വകാര്യ കമ്പനി സംഘടിപ്പിച്ച പരിപാടിയിലാണ് മമ്മൂട്ടിയെത്തിയത്. മനുഷ്യജീവനുകള്‍ എടുക്കുന്ന അശ്രദ്ധ ഇനിയുണ്ടാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായി പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
108 പേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ലാത്ത പരവൂരില്‍ സാന്ത്വന സ്പര്‍ശവുമായാണ് നടന് മമ്മൂട്ടിയെത്തിയത്. പരിക്കേറ്റവരും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ലാത്തവരുമായ നിരവധി പേരെ താരം നേരിട്ടെത്തി കണ്ടു. പൊള്ളലേറ്റവരുടെ ചികിത്സയ്ക്കായി സഹായമെത്തിക്കാന്‍ തയ്യാറാണെന്നും പരവൂരിനെ പഴയ സ്ഥിതിയിലേക്ക് മടക്കി കൊണ്ട് വരാന്‍ ഏവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും മമ്മൂട്ടി പറഞ്ഞു.
വെടിക്കെടപകടത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പരവൂര്‍ പോലെ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുത്തുന്ന അശ്രദ്ധ ഇനിയുമുണ്ടാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരവൂര്‍ കോട്ടപ്പുറം എല്പിഎസ്സില് സംഘടിപ്പിച്ച സ്നേഹസംഗമത്തില്‍ മമ്മൂട്ടിക്ക് പുറമേ നടന് ശ്രീരാമനും പങ്കെടുത്തു. ജനപ്രതിനിധികളും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിന് പേരാണ് സ്നേഹസംഗമമെന്ന് പേരിട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.