തിരുവനന്തപുരം: വീട്ടമ്മയായ സ്ത്രീയെ അസഭ്യം പറഞ്ഞു കൊണ്ട് തരികിടസാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈദരാബാദിൽ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് തികച്ചും അസഭ്യവും, അശ്ലീലവുമായ ഭാഷയിൽ അധിക്ഷേപിച്ചു കൊണ്ട് സാബു അബ്ദുസബദ് എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സാബു ഫോട്ടോ സഹിതം പോസ്റ്റ് ഇട്ടിരിക്കുന്നത്.
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റു കൂടിയായ വീട്ടമ്മയുടെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമർശമാണ് സാബുവിനെ പ്രകോപിപ്പിച്ചതെന്നു പറയപ്പെടുന്നു. ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞ സ്ത്രീകളടക്കമുളള മിക്കവരോടും സമാനരീതിയിലാണ് സാബു പ്രതികരിച്ചത്. ഇതിനെതിരേ വീട്ടമ്മയും കുടുംബവും നിയമനടപടിയ്ക്കൊരുങ്ങുകയാണ്.
സമൂഹത്തിൽ അന്തസ്സോടെ ജീവിക്കുന്ന ഒരു കുടുംബിനിയ്ക്കെതിരേയുളള സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്. പ്രസ്തുത പോസ്റ്റിൽ കമന്റുകൾ രേഖപ്പെടുത്തിയവരെല്ലാം സാബുവിന്റെ പ്രവർത്തിയെ കുറ്റപ്പെടുത്തുകയാണ്. പോസ്റ്റിനെതിരേ വിമർശിക്കുന്നവരെയെല്ലാം അസഭ്യം കൊണ്ടു നേരിടുകയാണ് സാബു.
അടുത്തിടെ, കലാഭവൻ മണിയുടെ ഇളയ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനെതിരേയും തരികിട സാബു അസഭ്യവർഷം നടത്തിയിരുന്നു. മണിയുടെ മരണത്തിൽ തനിക്കു പങ്കൊന്നുമില്ലെങ്കിൽ, ഇത്തരത്തിൽ പ്രകോപിതനാകുന്നതെന്തിനാണെന്നാണ് പോസ്റ്റിനോടു പ്രതികരിക്കുന്ന മിക്കവരുടേയും പ്രസക്തമായ ചോദ്യം.