മലബാർ എക്സ്‌പ്രസ് പാളം തെറ്റി, പാതയിൽ ഗതാഗതം മുടങ്ങി

തൃശ്ശൂർ: മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസ് അങ്കമാലിക്കടുത്ത് പാളം തെറ്റി. അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിൽ കറുകുറ്റി എന്ന സ്ഥലത്തു വച്ചാണ് ട്രെയിനിന്റെ എസ്6 മുതൽ എസ്12 വരെയുള്ള ബോഗികളും ഒരു എ.സി. കമ്പാർട്ട്മെന്റും പാളം തെറ്റിയത്. വെളുപ്പിനെ 2.30നായിരുന്നു അപകടം.

അപകടത്തിൽ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. ഇവരെ ബസ്സിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു.

അപകടകാരണം വ്യക്തമല്ലെങ്കിലും, പാളത്തിൽ വിള്ളലുണ്ടായതാകാമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് റെയിൽവേ മാനേജർ അറിയിച്ചു.

പാതയിൽ ഗതാഗതതടസ്സം നേരിട്ടതിനേത്തുടർന്ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളും, ഇന്നലെ യാത്ര പുറപ്പെട്ട അമൃത-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, എഗ്മൂർ-ഗുരുവായൂർ എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂർ ഭാഗത്തേയ്ക്ക് പത്തു മണിക്കൂറും, എറണാകുളം ഭാഗത്തേയ്ക്ക് അഞ്ചു മണിക്കൂറും യാത്ര തടസ്സപ്പെടാൻ സാദ്ധ്യതയുണ്ട്.

അപകടത്തേത്തുടർന്ന് റെയിൽവേ തിരുവനന്തപുരത്തും, തൃശ്ശൂരും ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പരുകൾ; തിരുവനന്തപുരം: 0471-2320012, തൃശ്ശൂർ: 0471-2429241.

Close