ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ നിന്നുളള അഭയാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നു. 2000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിനാണ് രൂപം നല്‍കിയിട്ടുളളതെന്നാണ് വിവരം. പദ്ധതി ഉടന്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തുമെ ന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യ-പാക് വിഭജന സമയത്തും 1965 ലെയും 71 ലെയും ഇന്ത്യ-പാക് യുദ്ധസമയത്തും ഇന്ത്യയില്‍ എത്തിയവരുടെ പിന്മുറക്കാര്ക്കായിട്ടാണ് പ്രത്യേക പാക്കേജിന് രൂപം നല്‍കിയത്. പാക് അധീന കശ്മീരിന്റെ ഭാഗമായ ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവര്‍ കശ്മീരിലേക്ക് അഭയാര്‍ഥികളായി എത്തിയത്. ഇവരില്‍ ഉള്‍പ്പെട്ട മുപ്പത്തിയാറായിരത്തി മുന്നൂറില്പരം കുടുംബങ്ങളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.
പാക് അധീന കശ്മീരില്‍ നിന്നും എത്തിയതിനാല്‍ രേഖകളില്‍
ഇവര്‍ ജമ്മുകശ്മീരിലെ സ്ഥിര താമസക്കാരല്ല. അക്കാരണത്തല്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ ഇവരെ ഉള്‍പ്പെടുത്താനും സാധ്യമായിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണ് ഇവര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്. പാക് അധീന കഷ്മീരില് നിന്നെത്തിയ അഭയാര്‍ഥികളുടെ സംഘടനയായ ജമ്മു ശരണാര്ത്ഥി ആക്ഷന്‍ കമ്മിറ്റി വര്‍ഷങ്ങളായി ഇക്കാര്യം ആവശ്യപ്പെട്ടുവരുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഇതുവരെ കശ്മീര്‍ സര്‍ക്കാരുകളോ കേന്ദ്രസര്‍ക്കാരോ ചെവിക്കൊണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാനും സാമ്പത്തിക സഹായം നല്‍കാനും കേന്ദ്രം മുന്നിട്ടിറങ്ങിയത്.