ബെംഗലൂരു: വിദേശരാജ്യങ്ങളുടെ 68 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും. അമേരിക്കയുടെ 12 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാകേഷ് ശശിഭൂഷണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടികളുടെ വരുമാനമാണ് ഇതിലൂടെ ലഭിക്കുക.
കൂറ്റന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹം ഉള്‍പ്പെടെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് രാകേഷ് ശശിഭൂഷണ്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനായി ഐഎസ്ആര്‍ഒയെ സമീപിച്ച രാജ്യം ഏതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. വിവരശേഖരണവും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഉള്‍പ്പെടെ ആശയവിനിമയ സംവിധാനങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ വരെ ലക്ഷ്യമിട്ടുളള ഉപഗ്രഹങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. കാലാവസ്ഥാ നിരീക്ഷണത്തിനുളള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും കരാര്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ ലോകരാജ്യങ്ങള്‍ 2500 ഓളം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കുളളില്‍ വിവിധ രാജ്യങ്ങളുടേതായി 74 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുണ്ട്. ബെല്‍ജിയം, ബ്രിട്ടന്, ജര്‍മനി, ഇസ്രായേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ പിഎസ്എല്‍വി ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുളളത്.
ജൂലൈയില്‍ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് പിഎസ്എല്‍വി ചരിത്രം കുറിച്ചിരുന്നു. സമാനമായി ഒരു വിക്ഷേപണത്തില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്ന രീതി അവലംബിക്കാനാണ് ശ്രമിക്കുന്നതെന്ന് രാകേഷ് ശശിഭൂഷണ്‍ വ്യക്തമാക്കി.