ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരേ ബിജെപി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരേ ബിജെപി. കേരളീയരെ വറുതിയിലേക്ക് തള്ളിവിടാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം സാധാരണക്കാരോടുളള വെല്ലുവിളിയാണെന്നും കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം കേരളം അവഗണിക്കുകയാണ്. യുഡിഎഫും തുടര്‍ന്ന് എല്‍ഡിഎഫും ഈ നിയമം നടപ്പാക്കാത്തത് വന്‍ ഭക്ഷ്യ പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ പോകുന്നത്. 8 രൂപ 30 പൈസയ്ക്ക് ലഭിച്ചിരുന്ന അരി 14.24 രൂപ അധികം നല്‍കി 22.54 രൂപയ്ക്കാണ് ഇത് മൂലം വാങ്ങേണ്ടിവരിക. ഗോതമ്പിന്റെ വില 9 രൂപയാണ് കൂടാന്‍പോകുന്നത്.

ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള ഉപഭോക്താക്കളാണ് സര്‍ക്കാരിന്റെ ഉപേക്ഷമൂലം കെടുതി അനുഭവിക്കേണ്ടിവരുന്നതെന്ന് കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ റേഷന്‍കാര്‍ഡുകളില്‍ 70 ശതമാനവും എപിഎല്‍ ആണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ നയം കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് അ്‌ദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളവും തമിഴ്‌നാടും മാത്രമാണ് നിയമം ഇനിയും നടപ്പാക്കാത്തത്. എത്രയുംവേഗം ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കി ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Close