ഇന്നു വിദ്യാരംഭം

അക്ഷരം എന്നാൽ നാശമില്ലാത്തതെന്നാണ്, അനശ്വരമെന്നാണർത്ഥം. അനശ്വരമായത്, നിത്യസത്യമായത് ഈ പ്രപഞ്ചത്തിൽ ഒന്നേയുള്ളൂവെന്ന് വേദാന്തം നമ്മെ ഓർമ്മിപ്പിയ്ക്കുന്നു. അത് ഈശ്വരനാണ്. ഈ ശ്വാസത്തിലും രമിക്കുന്ന ആ സർവ്വാന്തര്യാമിയായ ഈശ്വരതത്വത്തെ അറിയാനുള്ള അന്വേഷണം കൂടിയാണ് വിദ്യാരംഭം കുറിക്കുന്നതിലൂടെ നാം തുടങ്ങി വയ്ക്കുന്നത്. തത്വത്തിൽ, ആത്മാന്വേഷണം തന്നെയാണ് പരിപാവനമായ ഈ ചടങ്ങിലൂടെ നാം ആരംഭിയ്ക്കുന്നത്.

ഹരിശ്രീഗണപതയേനമഃ എന്ന ആദ്യാക്ഷരങ്ങൾ കൃത്യമായും വിദ്യാദേവതയായ സരസ്വതിയെ തന്നെ ലക്ഷ്യം വയ്ക്കുന്നു. പലരും ധരിക്കുന്നതു പോലെ അത് ഗണപതിയെ ലക്ഷ്യം വയ്ക്കുന്ന പദമല്ലെന്ന് ജ്ഞാനികൾ, തന്ത്രശാസ്ത്രത്തെ മുൻനിർത്തി നമുക്കു പറഞ്ഞു തരുന്നു. വിദ്യാദേവതയായ അമ്മ സരസ്വതിയുടെ നാമം ഉത്തമനായ ഗുരുവിൽ നിന്നും ജിഹ്വയിൽ (നാവിൽ) സ്വീകരിച്ചുകൊണ്ട് നല്ലതു പറയാനും, ചിന്തിക്കാനും, കൈവിരലുകളാൽ മണ്ണിലോ, അരിയിലോ ആദ്യാക്ഷരം കുറിച്ചു കൊണ്ട് ആ ജ്ഞാനസൗഭാഗ്യത്തെ ഹൃദയത്തിൽ പ്രതിഷ്ഠിയ്ക്കാനും ആരംഭം കുറിയ്ക്കുന്ന ദിനമാണ് വിജയദശമി.

പണ്ടുകാലങ്ങളിൽ വീടുകളിലോ, ഗുരുകുലത്തിലോ നടന്നിരുന്ന ഈ ചടങ്ങുകളെ ഇന്ന് ക്ഷേത്രങ്ങളിലേയ്ക്കും, പത്രമോഫീസുകളിലേയ്ക്കും നാം കൂട്ടിക്കൊണ്ടു പോകുന്നു. യുക്തിപൂർവ്വം ചിന്തിച്ചാൽ ആദ്യത്തെ ഗുരുവായ അമ്മയുടെയോ അച്ഛന്റെയോ മടിയിലിരുന്ന് തന്നെ ആദ്യാക്ഷരം കുറിക്കുന്നതാണ് ഉത്തമം. അതുമല്ലെങ്കിൽ, സരസ്വതീക്ഷേത്രങ്ങളായ വിദ്യാലയങ്ങളിൽ. വിദ്യാരംഭത്തിന്റെ കാര്യത്തിൽ ഈ രണ്ടിടങ്ങളും കഴിഞ്ഞേ ക്ഷേത്രങ്ങൾക്കു പോലും സ്ഥാനമുള്ളൂ. ജനിച്ചു വീഴുന്ന നിമിഷം മുതൽ, അറിവും, ആനന്ദവും, ആശ്രയവും, അഭയവുമരുളുന്ന ക്ഷേത്രം തന്നെയാണ് വീട്. അഥവാ വീട് ക്ഷേത്രമായി, ജ്ഞാനമുണരുന്ന ഉപാസനാഗൃഹങ്ങളാക്കി മാറ്റുവാൻ ഓരോരുത്തർക്കും കഴിയണം. അതുകൊണ്ടാണ് സ്വന്തം വീടിന് വിദ്യാരംഭത്തിൽ പ്രാധാന്യം കൽപ്പിക്കുന്നത്.

കേരളത്തിന്റെയെന്നല്ല ലോകത്തിന്റെ തന്നെ വിവിധ കോണുകളിൽ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾ നിരവധിയാണ്. അറിവിന്റെ കാര്യത്തിൽ, വിദ്യാരംഭത്തിന്റെ കാര്യത്തിൽ ജാതി-മത ഭേദങ്ങളില്ലാതെ നാം വിജയദശമിദിനം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടാൻ ഇതിലേറെ മറ്റെന്തു ദൃഷ്ടാന്തമാണുള്ളത്!

ഓരോ ദിവസവും, ഓരോ നിമിഷവും പുതിയ അറിവിലേയ്ക്കുള്ള ഉണർവ്വുകളാണ് മനുഷ്യന്. അതുകൊണ്ടാണ്, എല്ലാ ദിവസവും വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതുമേ സദാ എന്നു പ്രാർത്ഥിച്ചു കൊണ്ട് നാം നമ്മുടെ കർമ്മങ്ങൾ ആരംഭിയ്ക്കുന്നത്. ശരിയായ ജ്ഞാനത്തെ അന്വേഷിക്കാനും കണ്ടെത്താനും ഉതകുന്നതാവണം വിദ്യ. ഇന്ന് ആദ്യാക്ഷരം കുറിയ്ക്കുന്ന കുഞ്ഞുങ്ങൾക്കും, വിദ്യാരംഭനാളിൽ വാഗ്‌ദേവതയുടെ മുൻപിൽ സർവ്വം സമർപ്പിച്ച് അറിവു പുതുക്കുന്ന ഓരോ പേർക്കും നല്ലതു മാത്രം അറിയാനും, ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള ബുദ്ധിയും, സിദ്ധിയും, ശക്തിയും നൽകി ഓരോ മനുഷ്യനെയും ലോകഹിതകാരികളാക്കിത്തീർക്കാൻ നമുക്കു പ്രാർത്ഥിക്കാം. വാഞ്ജിതാർത്ഥപ്രദായനിയായ വാഗ്ദേവതയ്ക്കു മുൻപിൽ ജനം ടിവിയുടെ സാഷ്ടാംഗപ്രണാമം

Close