വടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണവിധേയനായ സിപിഎം കൗണ്‍സിലര്‍ ജയന്തനെ വ്യക്തിപരമായി അറിയില്ലെന്ന് എം.ബി രാജേഷ് എംപി. സംഭവത്തെ ന്യായീകരിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നും പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ടെന്നും എം.ബി രാജേഷ് എംപി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
കേസില്‍ ജയന്തന്റെ പേര് പുറത്തുവന്നതിന് പിന്നാലെ തന്നെ എം.ബി രാജേഷുമൊത്ത് ഇയാള്‍ നില്ക്കുന്ന ചിത്രവും ഫെയ്സ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ജയന്തന് തന്നെ ഷെയര്‍ ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാല്‍ കേസ് വിവാദമായതോടെ ചിത്രത്തോടൊപ്പം എം.ബി രാജേഷിന്റെതെന്ന തരത്തില്‍ സംഭവത്തെ ന്യായീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെട്ടു. ഇതിനെതിരേയാണ് എംപി പരാതി നല്‍കിയിരിക്കുന്നത്.
തന്റെ പേരില്‍ വ്യാജ എഫ്ബി പോസ്റ്റ് നിര്‍മിച്ച് അപവാദ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടുളള വ്യക്തിഹത്യയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ടെന്നും എം.ബി രാജേഷ് അറിയിച്ചു.