കള്ളപ്പണമില്ലാതാകുന്നതോടെ ഇന്ത്യ കൂടുതൽ ശക്തിപ്പെടുമെന്ന് യൂറോപ്യൻ യൂണിയൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കളളപ്പണം തടയാനുളള നടപടിക്ക് യൂറോപ്യൻ യൂണിയന്‍റെ പിന്തുണ. നടപടി ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്‍റ് പറഞ്ഞു. നോട്ടുകൾ പിൻവലിച്ച നടപടിയെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുമ്പോഴാണ് യൂറോപ്യൻ യൂണിയൻ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

കളളപ്പണത്തെ ഇല്ലാതാക്കി സമ്പദ്‍വ്യവസ്ഥയിൽ സുതാര്യത കൊണ്ടുവരുമ്പോൾ രാജ്യം വളരുമെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്‍റ് ജിർക്കി കറ്റൈനൻ അഭിപ്രായപ്പെട്ടു.
നികുതി വെട്ടിപ്പുകാരിൽ നിന്നും കളളപ്പണക്കാരിൽ നിന്നും നേടുന്ന പണം രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തും.

നിക്ഷേപത്തിന് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥയുളള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കളളപ്പണം ഇല്ലാതാകുന്നതോടെ രാജ്യം കൂടുതൽ ശക്തിപ്പെടും. ചരക്കുസേവന നികുതി വ്യവസ്ഥ കൂടി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്ത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാകും ഇന്ത്യയെന്നും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്‍റ് പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങൾ നിയമപരമായി സമ്പാദിച്ച പണമാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയിലും കളളപ്പണം ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്. വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുന്നതിനും ഇത് സഹായകമാകും. കളളപ്പണത്തിനെതിരായ നടപടിയെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ലാക്കോടെ വിമർശിക്കുമ്പോഴാണ് മുപ്പതോളം രാജ്യങ്ങളുടെ കൂട്ടായ്‍മയായ യൂറോപ്യൻ യൂണിയൻ പിന്തുണയുമായി എത്തുന്നത്.

Close