ന്യൂഡല്‍ഹി: മുസ്ലീം ഭൂരിപക്ഷ അയല്‍രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും നടക്കുന്ന ഹിന്ദു വിരുദ്ധ കലാപങ്ങള്‍ക്കെതിരേ ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മുസ്ലീം യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ഇന്നലെ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ ഹിന്ദുക്കള്‍ രാഷ്ട്രീയം മറന്ന് രംഗത്ത് വരാറുണ്ട്. പക്ഷെ എന്തുകൊണ്ടാണ് മുസ്ലീം ഭൂരിപക്ഷമായ അയല്‍രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ ഇന്ത്യയിലെ മുസ്ലീംങ്ങള്‍ മൗനം പാലിക്കുന്നതെന്ന് ഗുലാം നബി ആസാദ് ചോദിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ അത്തരം അക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയാല്‍ ഇവിടെ മുസ്ലീങ്ങള്‍ക്കെതിരായ ആയുധത്തിന് മൂര്‍ച്ച കുറയുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ബംഗ്ലാദേശില്‍ ഹിന്ദു സഹോദരങ്ങള്‍ക്കെതിരേയും ക്ഷേത്രങ്ങള്‍ക്കെതിരേയും നടക്കുന്ന നാണംകെട്ട അക്രമങ്ങള്‍ക്കെതിരേ ഇന്ത്യയിലെ മുസ്ലീങ്ങള്‍ രംഗത്ത് വരണമെന്നും അത്തരം അനീതിക്കെതിരേ ശബ്ദിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഇന്ത്യ ഇസ്ലാമിക് സെന്ററില്‍ നടന്ന സെമിനാര്‍ നാഷണല്‍ ട്രൈകളര്‍ അസോസിയേഷന് ഓഫ് ഇന്ത്യയാണ് സംഘടിപ്പിച്ചത്.