ഹോങ്കോംഗ് ഓപ്പണ്‍: ഇന്ത്യയ്ക്ക് ഇരട്ട വെള്ളി

കോലൂണ്‍(ഹോങ്കോംഗ്): ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയ്ക്ക് ഇരട്ട വെളളിയുടെ തിളക്കം. പുരുഷഫൈനലില്‍ സമീര്‍ വര്‍മയും വനിതാ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവും ആണ് വെള്ളി മെഡലുകള്‍ നേടിയത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇരുവരും രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത്.

ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിംഗിനോട് നേരിട്ടുളള സെറ്റുകള്‍ക്കാണ് സിന്ധു കീഴടങ്ങിയത്. സ്‌കോര്‍ 15-21, 17-21. റിയോ ഒളിമ്പിക്‌സില്‍ സിന്ധുവിനോട് ഏറ്റ തോല്‍വിയുടെ മധുര പ്രതികാരം കൂടിയായി തായ് സൂ യിംഗിന്റെ വിജയം. കളിയുടെ തുടക്കം മുതല്‍ തായ് സൂ യിംഗിനായിരുന്നു മേധാവിത്വം. ഒരു ഘട്ടത്തില്‍ സിന്ധു തിരിച്ചുവരവ് നടത്തിയെങ്കിലും അത് നിലനിര്‍ത്താനായില്ല.

ഹോങ്കോംഗിന്റെ എന്‍ജി കാ ലോംഗ് ആഗ്നസ് ആയിരുന്നു സമീര്‍ വര്‍മയുടെ എതിരാളി. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സമീര്‍ വര്‍മ മുട്ടുമടക്കിയത്. സ്‌കോര്‍ 14-21, 21-10, 11-21. ലോക റാങ്കിംഗില്‍ നാല്‍പ്പത്തിമൂന്നാം സ്ഥാനത്തുളള സമീര്‍ വര്‍മയുടെ മികച്ച പ്രകടനമാണിത്. സെമിയില്‍ മൂന്നാം റാങ്കിലുളള യാന്‍ ഒ യോര്‍ഗേന്‍സനെ അട്ടിമറിച്ചാണ് സമീര്‍ വര്‍മ ഫൈനലില്‍ കടന്നത്.

Close