വി ഐ പി വിവാഹങ്ങളിൽ ബന്ധു ചമഞ്ഞ് മോഷണം; യുവതിക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി

ന്യൂഡൽഹി: വി.ഐ.പി വിവാഹസ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 12 ദിവസങ്ങൾക്കുളളിൽ. 11.25 ലക്ഷം രൂപയും, 10 ലക്ഷം വിലമതിക്കുന്ന സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങളും കവർന്ന കേസിൽ ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കുന്നു. കവർച്ച നടത്തിയ സ്ത്രീയെയും, അവരുടെ സഹായികളെയും കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. വിവാഹസ്ഥലങ്ങളിൽ അതിഥിയെന്ന ഭാവത്തിൽ കടന്നു കൂടിയാണ് സ്ത്രീയും, സഹായികളും കവർച്ച നടത്തുന്നതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

സമാനമായ രീതിയിൽ കവർച്ച നടത്തിയ മൂന്നു കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിഥികളുടെയിടയിൽ സ്ഥാനം പിടിക്കുന്ന സ്ത്രീ ആഭരണങ്ങളും, പണവും എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് കവർച്ച നടത്തുന്നത്. മൂന്നു സംഭവങ്ങളിലും വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

കാഴ്ച്ചയിൽ ഏകദേശം 25 വയസ്സു തോന്നിക്കുന്ന സ്ത്രീയാണ് സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് വ്യക്തമാക്കി. വധുവിന്റെ വീട്ടുകാർ ഇവർ വരന്റെ അതിഥികളാണെന്നും, വരന്റെ വീട്ടുകാർ തിരിച്ചും തെറ്റിദ്ധരിക്കുന്നത് മുതലെടുത്താണ് ഇവർ സുരക്ഷിതമായി കവർച്ച നടത്തി മടങ്ങുന്നത്.

ഏറ്റവുമൊടുവിൽ. ഡിസംബർ എട്ടിനു നടന്ന വിവാഹത്തിൽ നിന്നും ആഭരണങ്ങൾ കൂടാതെ 7 ലക്ഷം രൂപയും ഇവർ കവർന്നിരുന്നു. ഒരു ജഡ്‌ജിയുടെ ബന്ധുവിന്റേതായിരുന്നു വിവാഹം. ഇതേത്തുടർന്ന് ഡൽഹി സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡിസംബർ മൂന്നിന് ഒരു ഐ.എ.എസ് ഓഫീസറുടെ വിവാഹച്ചടങ്ങിൽ നിന്നാണ് പണവും ആഭരണവുമടക്കം തട്ടിയെടുത്ത് സംഘം മുങ്ങിയത്. വിനയ് മാർഗ്ഗിലുളള, പി.എസ്.ഒ.ഐ ക്ലബ്ബിൽ വച്ചു നടന്ന സംഭവത്തിൽ ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Shares 154
Close