തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാത്രാക്കൂലി കൂട്ടിയ നടപടി ജനദ്രോഹപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സ്വകാര്യ ബസുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ നടപടിയെന്നും ഇതോടെ സ്വകാര്യ ബസ് ചാര്‍ജും കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാവും സ്വകാര്യ ബസുടമകള്‍ ഇനി സമരത്തിന് പോവുകയെന്നും കുമ്മനം ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിയുടെ മിനിമം യാത്രാനിരക്ക് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കിയിരുന്നു. നിരക്ക് വര്ധിപ്പിച്ചതല്ലെന്നും ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. ഭരണത്തിലെത്തിയാല്‍ 5 വര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് വാഗ്ദാനം ചെയ്ത സിപിഎം 10 മാസത്തിനുള്ളില്‍ തന്നെ വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്.
പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും അനുവദിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ പോലും സിപിഎം ഇടപെട്ട് സ്റ്റേഷന് ജാമ്യം നല്‍കിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണെന്നും കുമ്മനം പറഞ്ഞു.