വിറ്റാമിൻ ഡി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്നു പഠനം

പ്രമേഹമടക്കമുളള ഒരു പിടി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വിറ്റാമിൻ ഡി സഹായിക്കുമെന്ന് പഠനം. കോശങ്ങളുടെ പരിണാമപ്രക്രിയയിൽ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ നിയന്ത്രിക്കുന്നതിന് വിറ്റാമിൻ ഡി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ കെഡാർ-സിനായ് മെഡിക്കൽ സെന്ററിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പഠനത്തിനു നേതൃത്വം നൽകിയ സ്റ്റീഫൻ പാൻഡോൾ പറഞ്ഞു.

പ്രമേഹം കൂടാതെ ഹൃദയരോഗത്തിലേക്കു നയിച്ചേക്കാവുന്ന ഘടകങ്ങളെയും വിറ്റാമിൻ ഡി സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജീവിതശൈലീരോഗങ്ങളായ പൊണ്ണത്തടി, രക്തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിക്കുക, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയ്‌ക്കും വിറ്റാമിൻ ഡി ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കരളിലെ അമിത കൊഴുപ്പ് നിക്ഷേപം നിയന്ത്രിക്കുന്നതിനും വിറ്റാമിൻ ഡിയുടെ ലഭ്യത സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വിറ്റാമിൻ ഡിയുടെ അപര്യാപ്തത ലോകജനസംഖ്യയിൽ 30 മുതൽ 60 ശതമാനം വരെയാളുകളിൽ കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ആരോഗ്യസംരക്ഷണരംഗത്ത് പുതിയ പഠനം പ്രസക്തമാണെന്നു വിലയിരുത്തപ്പെടുന്നു.

ഫിസിയോളജിയെ സംബന്ധിക്കുന്ന ഒരു ശാസ്ത്രമാസികയിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു വന്നത്. വിറ്റാമിൻ ഡി എലികളിൽ പരീക്ഷിച്ചു നോക്കിയപ്പോൾ പ്രകടമായ വ്യത്യാസം കണ്ടെത്താനായതായും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

സൂര്യപ്രകാശത്തിൽ നിന്നും മനുഷ്യന് ആവശ്യമായ വിറ്റാമിൻ ഡി ലഭ്യമാണ്. വിറ്റാമിൻ ഡി അടങ്ങിയ ഔഷധങ്ങളും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുന്നത് വിറ്റാമിൻ ഡിയുടെ അപര്യാപ്തത പരിഹരിക്കാൻ സഹായിക്കും.

Shares 212
Close