മുറിവുണക്കാൻ മുള

മുറിവുണക്കുന്നതിന് മുളയോ?

അതേ, മുറിവുണക്കാൻ മുളയിൽ നിന്നും ഒരു മിശ്രിതം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രലോകം. മുളയിലെ കോശഭിത്തികളിലെ പ്രധാനഘടകമാണ് (സെല്ലുലോസ്) ഇതിനായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. മുളയുടെ സെല്ലുലോസും വെളളിയുടെ സൂക്ഷ്മകണങ്ങളും ചേർത്തു വികസിപ്പിച്ച ഈ മിശ്രിതം മുറിവുണക്കാനുപയോഗിക്കുന്ന ഓയിന്മെന്റുകളിലും, ബാൻഡ് എയിഡുകളിലും ബാക്റ്റീരിയകളെ ചെറുക്കുന്ന മറ്റു ഘടകങ്ങളോടൊപ്പം ഉപയോഗിക്കാമെന്നാണ് പുതിയ കണ്ടെത്തൽ.

നിലവിലെ മുറിവുണക്കാനുളള ഔഷധങ്ങൾക്ക് ചില ന്യൂനതകളുളളത് പുതിയ ഔഷധം പരിഹരിക്കുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. മോശം ഗന്ധം, മുറിവുണക്കുന്ന വേഗതയിലും കഴിവിലുമുളള പരിമിതി തുടങ്ങിയ ന്യൂനതകളാണ് നിലവിലെ ഔഷധങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചിലവയാവട്ടെ ജൈവകോശങ്ങൾക്ക് വിഷവസ്തുക്കളുമാണ്.

ഈർപ്പം നൽകുന്ന സാഹചര്യമൊരുക്കുന്ന പുതിയ ഒരു ഔഷധം മുറിവുണക്കുന്നതിനായി ആവശ്യമാണ്. സൂക്ഷ്മാണുബാധയെ ചെറുക്കുന്നതും, അധികം വേദന നൽകാതെ വളരെ വേഗം മുറിവുണക്കുന്നതും ആയിരിക്കണമത്; പഞ്ചാബിലെ സെന്റർ ഫോർ ഇന്നോവേറ്റീവ് ആൻഡ് അപ്ലൈഡ് ബയോപ്രോസസ്സിംഗിലെ ശാസ്ത്രജ്ഞനായ സുധീഷ് കുമാർ പറഞ്ഞു.

ഈ മിശ്രിതമുപയോഗിച്ച് എലികളിൽ നടത്തിയ പരീക്ഷണം പൂർണ്ണവിജയമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഇത് ത്വക്കിലെ കോശങ്ങളെ വളരെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കുന്നതായും കണ്ടെത്തി. ഇതു സംബന്ധിച്ചുളള കൂടുതൽ പരീക്ഷണങ്ങൾ പുരോഗമിച്ചു വരികയാണെന്നും സുധീഷ് കുമാർ പറഞ്ഞു.

പുതിയ കണ്ടെത്തൽ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചു വന്നത് കാർബോ‌ഹൈഡ്രേറ്റ് പോളിമേഴ്സ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ്.

Shares 173
Close