ബ്രസീൽ ജയിലിൽ കലാപം; 56 മരണം, 144 തടവുകാർ രക്ഷപ്പെട്ടു

മനൗസ്: ബ്രസീലിലെ മനൗസിൽ ജയിലിനുളളിലുണ്ടായ കലാപത്തിൽ 56 പേർ കൊല്ലപ്പെട്ടു. 144 തടവുപുളളികൾ ജയിലിൽ നിന്നു രക്ഷപ്പെട്ടതായി ജയിൽ അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജയിലിനുളളിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ആമസോൺ പ്രോവിൻസിന്റെ തലസ്ഥാനത്താണ് ജയിൽ സ്ഥിതി ചെയ്യുന്നത്.

ഒരു രാത്രി മുഴുവൻ സംഘർഷം നീണ്ടു നിന്നതായാണ് വിവരം. രക്തത്തിൽ കുളിച്ചതും, കത്തിക്കരിഞ്ഞതുമായ മൃതദേഹങ്ങൾ ഒരു ജയിലിനുളളിൽ കൂന കൂടിക്കിടക്കുകയാണെന്ന് എ.എഫ്.പി ഫോട്ടോഗ്രാഫർ റിപ്പോർട്ട് ചെയ്തു. നേരത്തേ 60 പേർ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചിരുന്നതെങ്കിലും മരണസംഖ്യ 56 ആണെന്ന് ജയിലധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുളളിൽ ലാറ്റിനമേരിക്കയിൽ നടന്നിട്ടുളള ജയിൽ കലാപങ്ങളിൽ ഏറ്റവും വലുതാണിതെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തേത്തുടർന്ന് ജയിലിൽ നിന്നു രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്. സായുധ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് ജയിൽ ഇപ്പോൾ. രക്ഷപ്പെട്ടവരിൽ 40 പേരെ നേരത്തേ പിടികൂടിയിരുന്നു.

Close