കറന്‍സി പിന്‍വലിക്കലും ഡിജിറ്റല്‍ മാറ്റവും ധീരമായ ചുവടുവെയ്‌പെന്ന് ഗൂഗിള്‍ സിഇഒ

ന്യൂഡല്‍ഹി:കളളപ്പണം നേരിടാനായി ഉന്നതമൂല്യമുളള കറന്‍സി പിന്‍വലിച്ചതും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളിലേക്കുളള പരിവര്‍ത്തനവും ഇന്ത്യ നടത്തിയ ധീരമായ ചുവടുവെയ്പുകളാണെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഡിജിറ്റല്‍ അണ്‍ലോക്ക്്ഡ് എന്ന ഗൂഗിളിന്റെ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന പരിപാടിയിലാണ് സുന്ദര്‍ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിജിറ്റല്‍ മാറ്റത്തിനുളള അടിത്തറ ശക്തമാണെന്നും ഇക്കാര്യത്തില്‍ ഗൂഗിളിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ ഒരുക്കമാണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ഇപ്പോഴും ആയാസപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥാനത്താണ് ഇന്ത്യ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്. ലാന്‍ഡ് ലൈനുകളില്‍ നിന്ന് സെല്‍ഫോണുകളിലേക്ക് മാറുന്നതുപോലെയാണ് അത്.

ഗൂഗിളിന്റെ ഓട്ടോമാറ്റിക് തര്‍ജ്ജമ സംവിധാനം അഞ്ച് വര്‍ഷത്തിനുളളിലാണ് ഇത്ര വിപുലമായത്. ലോകത്തെ ആശയവിനിമയ മേഖലയില്‍ ഭാഷ സൃഷ്ടിച്ച തടസങ്ങളാണ് ഇതോടെ തകര്‍ത്തെറിയപ്പെട്ടത്. ഇന്ത്യ പോലെ പല ഭാഷകള്‍ ഉപയോഗിക്കുന്ന ഒരു രാജ്യത്തിനാണ് ഇത് ഏറെ പ്രയോജനം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ധാരാളം അവസരങ്ങളാണ് ഉളളതെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചെറുകിട ഇടത്തരം വ്യവസായ സംരഭകരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രാപ്തമാക്കുകയാണ് പരിശീലന പദ്ധതിയുടെ ലക്ഷ്യം.

Close