രാഷ്ട്രചിന്തയുടെ മുരളീരവം

1990 കളുടെ തുടക്കം . ശ്രീനഗറും പരിസര പ്രദേശങ്ങളും സായുധരായ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് മിക്കവാറുമുള്ളത് . അക്കാലത്ത് ശ്രീനഗറിലെ ലാൽ ചൗക്കിൽ പാകിസ്ഥാൻ പതാകയുയർത്തിയ തീവ്രവാദികൾ ഭാരതീയരെ ചെറുതായൊന്നു വെല്ലുവിളിച്ചു . ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ധൈര്യമുണ്ടെങ്കിൽ ഭാരതത്തിന്റെ പതാക ഉയർത്തൂ എന്നായിരുന്നു വെല്ലുവിളി .

തീർത്തും അരാജകാവസ്ഥയായിരുന്നു അന്ന് ശ്രീനഗറിൽ. കാശ്മീരി പണ്ഡിറ്റുകളിൽ ഭൂരിഭാഗവും താഴ്വര വിട്ടോടിക്കഴിഞ്ഞിരുന്നു. നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു . അത്തരം ഭീതിദമായ അവസ്ഥയിൽ പതാക ഉയർത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ആരെങ്കിലുമുണ്ടാകുമെന്ന് ഏറ്റവും ശുഭാപ്തി വിശ്വാസമുള്ളവർ പോലും കരുതിയിട്ടുണ്ടായിരുന്നില്ല

പക്ഷേ അലഹബാദ് സർവകലാശാലയിൽ ഫിസിക്സ് പഠിപ്പിച്ചിരുന്ന ഒരു പ്രൊഫസറും അദ്ദേഹത്തിന്റെ സംഘടനയും ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്തു .കാശ്മീരിനെപ്പറ്റി “ഏക് ദേശ് മേം ദോ വിധാൻ , ദോ പ്രധാൻ ഓർ ദോ നിശാൻ നഹി ചലേംഗേ “ എന്ന പ്രസിദ്ധമായ മുദ്രാവാക്യമുയർത്തിയ ശ്യാമ പ്രസാദ് മുഖർജി നേതൃത്വം വഹിച്ചിരുന്ന പ്രസ്ഥാനത്തിന്റെ പുതിയ രൂപമായ ഭാരതീയ ജനതാ പാർട്ടിയായിരുന്നു ആ സംഘടന. അടിയന്തിരാവസ്ഥയിൽ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടി രണ്ടു വർഷത്തോളം ജയിൽ വാസമനുഷ്ഠിച്ച ഡോ . മുരളീ മനോഹർ ജോഷിയായിരുന്നു ആ ഫിസിക്സ് പ്രൊഫസർ

ലാൽ ചൗക്കിലേക്ക് വരാനുള്ള വഴി ഭീകരർ കയ്യേറിയിട്ടും ക്ലോക്ക് ടവറിനു സമീപം റോക്കറ്റുകൾ വന്നു വീണിട്ടും പതറാതെ, സൈന്യത്തിന്റെ പിന്തുണയോടെ ഡോ: മുരളീ മനോഹർ ജോഷി ലാൽ ചൗക്കിൽ ത്രിവർണ പതാകയുയർത്തി. ജമ്മു കാശ്മീരിൽ തീവ്രവാദികളിലൂടെ അധിനിവേശം നടത്തിക്കൊണ്ടിരുന്ന പാകിസ്ഥാനു മുഖമടച്ചു കിട്ടിയ അടിയായിരുന്നു അത് . ശ്രീനഗറിൽ എന്ത് നടക്കണമെന്ന് തങ്ങൾ തീരുമാനിക്കും എന്ന് വീമ്പ് പറഞ്ഞിരുന്ന വിഘടനവാദി സംഘടനകളും സംഭവത്തിൽ ഞെട്ടിപ്പോയി . ഭീകരവാദികളുടെ കാശ്മീരിലെ പിടി അയഞ്ഞു തുടങ്ങിയത് അന്ന് മുതലാണ്

1934 ജനുവരി 5 ന് നൈനിത്താളിൽ ജനിച്ച ജോഷി ആർ.എസ്.എസിലൂടെയാണ് സാമൂഹ്യ രംഗത്തെത്തുന്നത് . ഗുരുജി ഗോൾവൽക്കറുടേയും ദീന ദയാൽ ഉപാദ്ധ്യായയുടേയും ചിന്താധാരകളാണ് ജോഷിയെ മികച്ച രാഷ്‌ട്രീയ പ്രവർത്തകനാക്കി മാറ്റിയത് . സ്പെക്ട്രോസ്കോപ്പിയിൽ ഗവേഷണബിരുദം നേടിയിട്ടുള്ള അദ്ദേഹം വാജ്പേയീ മന്ത്രിസഭയിൽ മാനവ ശേഷി വികസന വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട് . നിരവധി ശാസ്ത്ര സമിതികളുടെ തലവനായും പ്രവർത്തിച്ചിട്ടുള്ള ഡോ മുരളീമനോഹർ ജോഷിക്ക് ഇന്ന് എൺപതു വയസ് തികയുകയാണ് . അദ്ദേഹത്തിന്റെ അറിവും സാമൂഹ്യ പ്രവർത്തന പാരമ്പര്യവും രാഷ്‌ട്രത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തികച്ചും അർത്ഥവത്താണ് .

Close