അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിന് തെളിവുകളുണ്ടെന്ന് ഇന്‍റലിജന്‍സ് ഏജൻസി

അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെട്ടതിന് തെളിവുകൾ നൽകാമെന്ന് അമേരിക്കൻ ഇന്‍റലിജന്‍സ് ഏജൻസി. ഇത് വ്യക്തമാക്കുന്ന വിവരങ്ങൾ അടുത്താഴ്ച പുറത്തുവിടുമെന്ന് ഇന്‍റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പർ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലിനെ ചൊല്ലി അമേരിക്കയും റഷ്യയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഇടപെടൽ സ്ഥിരീകരിച്ചുകൊണ്ട് അമേരിക്കൻ ഇന്‍റലിജന്‍സ് മേധാവി രംഗത്തെത്തിയത്. ഡെമോക്രാറ്റിക് പാർട്ടിയുടെ മെയിലുകൾ ഹാക്ക് ചെയ്യാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍ നേരിട്ട് ഇടപ്പെട്ടെന്നും, ഇതിന് പിന്നിലെ ലക്ഷ്യം എന്താണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ക്ലാപ്പർ പറഞ്ഞു.

റിപ്പോർട്ട് ഇന്‍റലിജന്‍സ്, പ്രസിഡന്‍റ് ബരാക്ക് ഒബാമയ്‍ക്ക് സമർപ്പിച്ചു കഴിഞ്ഞു. നിയുക്ത പ്രസിഡന്‍റ് എന്ന നിലയിൽ ഡൊണാൾഡ് ട്രംപിനെയും അറിയിക്കും. റിപ്പോർട്ട് അടുത്താഴ്ച പുറത്തുവിടാനാണ് തീരുമാനം.

തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്ന ഡൊണാൾഡ് ട്രംപിനെ വിജയിപ്പാൻ റഷ്യ മെയിലുകൾ ചോർത്തി എന്നാണ് ഇന്‍റലിജന്‍സിന്‍റെ കണ്ടെത്തൽ. തെറ്റായ വിവരങ്ങൾ നൽകാനുള്ള റഷ്യയുടെ ഇടപെടൽ വിജയം കണ്ടുവെന്നും റിപ്പോർട്ടിലുണ്ട്.

Close