ഫുജൈറയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കുറുകത്താണി സ്വദേശി ഹുസൈന്‍, വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍, തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ഫുജൈറയ്ക്കടുത്ത് കല്‍ബ വ്യവസായ മേഖലയില്‍ മലപ്പുറം എടംകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. ഗോഡൗണിനോട് ചേര്‍ന്ന അഞ്ച് മുറികളിലായി മലയാളികള്‍ ഉള്‍പ്പെടെ 13 പേര്‍ അപകടസമയത്ത് ഉണ്ടായിരുന്നു. അവധി ദിനമായിരുന്നതിനാല്‍ സംഭവ സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. കാറ്റില്‍ മേല്‍ക്കൂര ഇളകുകയും ചൂട് അനുഭവപ്പെടുകയും ചെയ്തതോടെ ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോഴാണ് അപകടം മനസിലായത്.

10 പേര്‍ മുറിയിലെ എസി ഇളക്കി മാറ്റി പുറത്തുകടന്നു. മരിച്ച മൂന്ന് പേരും കിടന്ന മുറിയുടെ എസിയില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. പണവും പാസ്‌പോര്‍ട്ടും അടക്കം തൊഴിലാളികളുടെ മറ്റ് രേഖകളും തീ പിടിച്ച് നശിച്ചിട്ടുണ്ട്. തീപിടുത്തത്തിനുളള കാരണം അറിവായിട്ടില്ല. ഷാര്‍ജ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Close