ഫ്ലോറിഡയിൽ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫോർട്ട് ലോഡർഡേൽ അന്താരാഷ്ട്രവിമാനത്താവളത്തിൽ വെടിവയ്പ്പുണ്ടായത്. രണ്ടാം ടെർമിനലിനടുത്തായിരുന്നു വെടിവെയ്പ്പ്. പത്തിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന സൂചന.

യാതൊരു പ്രകോപനവും കൂടാതെ ജനങ്ങൾക്ക് നേരെ വെടിയുതിർത്ത അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ എഫ്ബിഐ ചോദ്യം ചെയ്ത് വരികയാണ്. എസ്റ്റബൻ സാന്‍റിയാഗോ എന്ന ഇരുപതുകാരനാണ് അറസ്റ്റിലായതെന്ന് ഫ്ലോറിഡ സെനറ്റർ ബിൽ നെൽസൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വാർത്ത അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റെ ലക്ഷ്യം വ്യക്തമല്ല.

അതേസമയം അക്രമിക്ക് ഭീകരബന്ധം ഉണ്ടോയെന്നും അന്വേഷിക്കും. വെടിയൊച്ച കേട്ടയുടൻ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടിയത് മരണനിരക്ക് കുറയാൻ കാരണമായെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ അമേരിക്കൻ പ്രസഡിന്‍റ് ബരാക് ഒബാമ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എന്നിവർ അനുശോചിച്ചു.

Shares 215
Close