തിരുവനന്തപുരം: ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ സര്‍വ്വീസ് ചാര്‍ജുകള്‍ ഒഴിവാക്കി പൂര്‍ണമായും സൗജന്യമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇക്കാര്യം ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്കും തിരുവനന്തപുരം റിജിണല്‍ ഡയറക്ടര്‍ക്കും അദ്ദേഹം കത്ത് നല്കി.
സര്‍വ്വീസ് ചാര്‍ജ്ജ് എന്ന പേരില്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത് സാധാരണക്കാരെ ഡിജിറ്റില്‍ ഇടപാടുകളില്‍ നിന്ന് അകറ്റുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ട് ഇടപാടുകള്‍ കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യം അട്ടിമറിക്കപ്പെടാന്‍ ഇത് ഇടയാക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ് പൂര്‍ണമായി ഒഴിവാക്കണമെന്നും സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള പരിധി എടുത്തുകളയണമെന്നും എംടി രമേശ് കത്തില്‍ ആവശ്യപ്പെട്ടു.
സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരടക്കമുള്ളവരെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൊണ്ടുവരാന്‍ തീവ്രശ്രമം നടന്നു വരികയാണ്. എന്നാല്‍ സര്‍വ്വീസ് ചാര്‍ജുകള്‍ പോലുളളവ ഏര്‍പ്പെടുത്തി സാധാരണക്കാരെ ഇതില്‍ നിന്ന് അകറ്റുന്ന പ്രവര്‍ത്തനമാണ് രാജ്യത്തെ ബാങ്കുകള്‍ നടത്തുന്നത്. എടിഎം ഇടപാടുകള്‍ക്ക് പരിധി കഴിഞ്ഞാല്‍ പണം ഈടാക്കുന്നത്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്കൗണ്ട് നിരക്ക് ഈടാക്കല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങല്‍ എന്നിവ സാധാരണക്കാരെ ഡിജിറ്റല്‍ ഇടപാടില്‍ നിന്ന് അകറ്റുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.