ദേശീയ സീനിയര്‍ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം

പൂനെ: പ്രഥമ ദേശീയ സീനിയര്‍ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. 11 സ്വര്‍ണവും 13 വെളളിയും 6 വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റുകളുമായിട്ടാണ് കേരളം കിരീടം നേടിയത്. നേരത്തെയുളള  ഓവറോള്‍ കിരീടങ്ങള്‍ കൂടി കണക്കിലെടുത്താല്‍ കേരളത്തിന്റെ ഇരുപതാം കിരീടമാണിത്.

രണ്ടാം സ്ഥാനത്തുളള തമിഴ്‌നാടിന് 58 പോയിന്റുകള്‍ മാത്രമാണ് ഉളളത്. മീറ്റിലെ അവസാന ഇനമായിരുന്ന ആണ്‍കുട്ടികളുടെ 4 ഗുണം 100 മീറ്റര്‍ റിലേയിലും കേരളമാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ 4 ഗുണം 100 മീറ്ററില്‍ കേരളത്തിന്റെ പ്രകടനം വെളളിയില്‍ ഒതുങ്ങി.

200 മീറ്ററില്‍ മുഹമ്മദ് അജ്മലിന്റെ സ്വര്‍ണത്തോടെയാണ് അവസാന ദിനം കേരളം ആരംഭിച്ചത്. തുടര്‍ന്ന് 800 മീറ്ററില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അബിത മേരി മാനുവലും സ്വര്‍ണം നേടി. 8.53 സെക്കന്‍ഡില്‍ ദേശീയ റെ്‌ക്കോഡോടെയാണ് അബിത മത്സരം പൂര്‍ത്തിയാക്കിയത്. നേരത്തെ 400 മീറ്ററിലും ദേശീയ റെക്കോഡോടെ അബിത സ്വര്‍ണം നേടിയിരുന്നു.

സംഘാടനത്തിലെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് സ്‌കൂള്‍ മീറ്റിനെ മൂന്നായി മാറ്റിയ ശേഷമുളള ആദ്യ സീനിയര്‍ സ്‌കൂള്‍ മീറ്റായിരുന്നു ഇത്. ജൂണിയര്‍, സബ് ജൂണിയര്‍ മീറ്റുകള്‍ ഹൈദരാബാദിലും നാസിക്കിലുമായി നടക്കും.

Close