പാലക്കാട്: കഞ്ചിക്കോട് സിപിഎം അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ബിജെപി പ്രവര്ത്തകന് രാധാകൃഷ്ണന്റെ മൃതദേഹം സംസ്കരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം വന്‍ ജനാവലിയാണ് രാധാകൃഷ്ണന് അന്ത്യോമപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പാലക്കാട് എത്തിച്ച മൃതദേഹം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് കൃഷ്ണദാസ് തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പാലക്കാട് ടൗണില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ വിലാപയാത്രയായി മൃതദേഹം രാധാകൃഷ്ണന്റെ സ്വദേശമായ കഞ്ചിക്കോടെത്തിച്ചു.
വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി വന്‍ ജനക്കൂട്ടമാണ് എത്തിയത്. കഞ്ചിക്കോട്ടെ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. രാധാകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇന്നലെയാണ് രാധാകൃഷ്ണന് മരണത്തിന് കീഴടങ്ങിയത്.