ചൈനീസ് വ്യവസായ മേഖല: ശ്രീലങ്കയില്‍ വന്‍ പ്രതിഷേധം

കൊളംബോ: ശ്രീലങ്കയില്‍ ചൈനയുടെ വന്‍ നിക്ഷേപത്തിന് അവസരമൊരുക്കി ആരംഭിച്ച വ്യവസായ മേഖലയുടെ ഉദ്ഘാടനച്ചടങ്ങില്‍ വന്‍ പ്രതിഷേധം. ലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ചൈനീസ് അംബാസഡറും പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജ്ജും പ്രയോഗിച്ചതോടെ ചടങ്ങ് സംഘര്‍ഷത്തില്‍ മുങ്ങി.

ഭൂമിയും സ്വത്തുക്കളും നഷ്ടപ്പെടുമെന്നും കുടിയൊഴിപ്പിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളായ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത്. സര്‍ക്കാര്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ കല്ലേറും ഉണ്ടായി. സംഭവത്തില്‍ 12 പൊലീസുകാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങ് വൈകുകയും ചെയ്തു. കൊളംബോയ്ക്ക് തെക്ക് 240 കിലോമീറ്റര്‍ മാറി ഹംബാന്‍തോട്ടയിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ അവഗണിച്ച് വ്യവസായ മേഖല യാഥാര്‍ഥ്യമാക്കുന്നത്.

പദ്ധതിക്കാവശ്യമായ 95 ശതമാനം ഭൂമിയും സ്വന്തമാക്കിയെന്നും അവശേഷിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളില്‍ നിന്നാണ് വാങ്ങുകയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. പദ്ധതിയിലൂടെ ചൈനയുടെ നിക്ഷേപമായി 5 ബില്യന്‍ യുഎസ് ഡോളറോളം ലങ്കയിലെത്തും. നിരവധി തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പദ്ധതിപ്രദേശത്തിന് സമീപത്തെ തുറമുഖം ചൈനീസ് കമ്പനിക്ക് കൈമാറാന്‍ ഉള്‍പ്പെടെയുളള ഗൂഢനീക്കങ്ങളാണ് സര്‍ക്കാരിനുളളതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇവിടെ ചൈനയുടെ ഫാക്ടറികള്‍ കൊണ്ട് നിറയുമെന്നും സ്വാഭാവിക ആവാസ വ്യവസ്ഥ തകരാറിലാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ഈ തുറമുഖത്തെ തൊഴിലാളികളും പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ പദ്ധതിക്കായി അഞ്ച് ബില്യന്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് ചൈനയുടെ വാഗ്ദാനം. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് ചൈനീസ് അംബാസഡര്‍ യി സിയാന്‍ലിയാങ് ചടങ്ങില്‍ പറഞ്ഞു.

Close