ജല്ലിക്കെട്ടില്ലെങ്കിൽ ബിരിയാണിയും വേണ്ട; കമൽ ഹാസൻ

ചെന്നൈ: ജല്ലിക്കെട്ട് നിരോധിക്കുന്നതു സംബന്ധിച്ച് തമിഴ്‌നാട്ടിൽ ഉയർന്നു വരുന്ന വിരുദ്ധാഭിപ്രായങ്ങൾക്കിടയിൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ കമൽ ഹാസന്റെ പരാമർശം ശ്രദ്ധേയമാകുന്നു. ജല്ലിക്കെട്ടു നിരോധിക്കണമെങ്കിൽ ബിരിയാണിയും നിരോധിക്കേണ്ടി വരുമെന്നാണ് കമൽ ഹാസൻ അഭിപ്രായപ്പെട്ടത്. ജല്ലിക്കെട്ടെന്ന വിനോദം മൃഗങ്ങൾക്കെതിരേയുളള ക്രൂരതയാണെന്ന് വിശ്വസിക്കുന്നവർ ബിരിയാണിയും നിരോധിക്കുന്നതിനു വേണ്ടി സംസാരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജല്ലിക്കെട്ട് തമിഴ്‌നാട്ടിലെ പരമ്പരാഗത സാംസ്കാരികവിനോദമാണെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടു. താൻ ജല്ലിക്കെട്ടിന്റെ ആരാധകനാണെന്നു തുറന്നു സമ്മതിച്ച കമൽ നിരവധി തവണ ഈ വിനോദത്തിൽ പങ്കെടുത്തിട്ടുമുണ്ടെന്ന് കൂട്ടിച്ചേർത്തു.

2014ലാണ് ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. മൃഗങ്ങൾക്കെതിരേയുളള ക്രൂരത ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിറക്കിയത്.

അതേസമയം സ്പാനിഷ് കായികവിനോദമായ കാളപ്പോരും ജല്ലിക്കെട്ടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കമൽ ഹാസൻ ചൂണ്ടിക്കാട്ടി. സ്പെയിനിൽ നടക്കുന്ന കാളപ്പോരിൽ മൃഗങ്ങൾ ക്രൂരമായി മുറിവേൽപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണു ചെയ്യുന്നതെന്നും തമിഴ്‌നാട്ടിൽ കാളകളെ ദൈവതുല്യമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജല്ലിക്കെട്ടിൽ കാളകളുടെ കൊമ്പുകൾക്കോ മറ്റവയവങ്ങൾക്കോ ഒരു ദോഷവും സംഭവിക്കാത്ത തരത്തിൽ അവയെ മെരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Close