പാകിസ്ഥാനിൽ ഈയാഴ്ച്ചയിൽ കാണാതായത് നാല് ഇടത് ആക്ടിവിസ്റ്റുകളെ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇക്കഴിഞ്ഞയാഴ്ച്ച മാത്രം കാണാതായത് ഇടതുപക്ഷ നിലപാടുകൾ പ്രകടിപ്പിച്ചിരുന്ന നാല് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെ. സൈബർ സുരക്ഷാ എൻ.ജി.ഒയുടെയും ബന്ധുക്കളുടെയും വെളിപ്പെടുത്തലനുസരിച്ച് ജനുവരി നാലിന് വഖാസ് ഗൊരായ, അസിം സയീദ് എന്നിവരും സൽമാൻ ഹൈദർ വെളളിയാഴ്ച്ചയും ശനിയാഴ്ച്ച അഹമ്മദ് റാസ നസീറുമാണ് അപ്രത്യക്ഷരായിരിക്കുന്നത്.

പാകിസ്ഥാന്റെ ആഭ്യന്തരമന്ത്രാലയം ഹൈദറിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും എന്നാൽ ഇയാൾ ബലൂചിസ്ഥാനിൽ നിന്നാണ് അപ്രത്യക്ഷനായതെന്നു കണ്ടെത്തിയെന്നും അവകാശപ്പെടുന്നു. അതേസമയം മറ്റുളളവരുടെ തിരോധാനം സംബന്ധിച്ച് ഒരു പരാമർശവും നടത്താൻ മന്ത്രാലയം തയ്യാറായില്ല.

ഭരണകൂടം ആദ്യം ദൃശ്യമാദ്ധ്യമങ്ങളെ നിയന്ത്രിച്ചു. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്; 2014ൽ ഒരു ആക്രമണത്തേത്തുടർന്ന് പാകിസ്ഥാൻ വിട്ടു പോയ റാസ റൂമി എന്ന മറ്റൊരു സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനെ ഉദ്ധരിച്ചു കൊണ്ട് പാകിസ്ഥാൻ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇവരുടെ തിരോധാനത്തിൽ പാകിസ്ഥാൻ രഹസ്യാന്വേഷണവിഭാഗത്തിനുളള പങ്ക് പാകിസ്ഥാൻ സുരക്ഷാ ഏജൻസി നിഷേധിച്ചു. ഇവർക്കെതിരേ ഇതുവരെ ഭീഷണികളോ, കേസുകളോ ഉണ്ടായിട്ടില്ലെന്നു ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. കാണാതെയായവരെ ഏതെങ്കിലും കോടതികളിൽ എത്തിച്ചിട്ടുളളതായും ആർക്കും വിവരമില്ല.

ഇവരുടെ തിരോധാനം കുടുംബാംഗങ്ങളെ മാത്രമല്ല പാകിസ്ഥാനിലുളള മറ്റ് ആക്ടിവിസ്റ്റുകളെയും ആശങ്കയിലും, ഭീതിയിലുമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. അതേസമയം സാറ്റുകട്‌ല പൊലീസ് സ്റ്റേഷനിൽ ജനുവരി അഞ്ചിന് ഒരു തട്ടിക്കൊണ്ടു പോകൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Close