ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളർ

2016 ലെ മികച്ച ഫുട്‍ബോളർക്കുള്ള ഫിഫ ലോക ഫുട്‍ബോളർ പുരസ്കാരം പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കരിയറിൽ നാലാം തവണയാണ് ക്രിസ്റ്റ്യാനോയെ ലോകതാരമായി തെരഞ്ഞെടുക്കുന്നത്.

പ്രവചനങ്ങൾ തെറ്റിയില്ല.ഇതിഹാസങ്ങളെ സാക്ഷിയാക്കി നാലാംതവണയും ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്‍ബോളർ പട്ടം കയ്യിലേന്തി. വെല്ലുവിളിയുയർത്തുമെന്ന് കരുതിയ ലയണൽ മെസിയും അന്‍റോയിൻ ഗ്രിസ്‍മാനുമെല്ലാം പോർച്ചുഗീസ് താരത്തിന്‍റെ പോയവർഷത്തെ പ്രകടനത്തിന് മുന്നിൽ രണ്ടും മൂന്നും സ്ഥാനത്തായി.

ചരിത്രത്തിലാദ്യമായി പോർച്ചുഗലിന് യൂറോകപ്പും റയൽമാഡ്രിഡിന് 11 ആം ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ച മികവുമാണ് ക്രിസ്റ്റ്യാനോയെ ലോകഫുട്‍ബോളർ പട്ടത്തിലേക്കടുപ്പിച്ചത്. താൻ സന്തുഷ്ടനാണെന്നും കരിയറിലെ മികച്ച സീസണായിരുന്നു പോയവർഷത്തേതെന്നും പുരസ്കാരമേറ്റുവാങ്ങിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് കിരീടം ചൂടിച്ച ക്ലോഡിയോ റാനിയേരിയാണ് മികച്ച പരിശീലകൻ. അമേരിക്കയുടെ കാർലി ലോയ്‍ഡാണ് പോയവർഷത്തെ വനിതാതാരം.

മാനുവൽ ന്യൂയർ, ഡാനി ആൽവ്‍സ്, പിക്വെ, സെർജിയോ റാമോസ്, ലൂക്ക മോഡ്രിച്ച്, മാർസലോ ആന്ദ്രെ ഇനിയേസ്റ്റ, ടോണി ക്രൂസ്, ലയണൽ മെസി, ലൂയി സുവാരസ് എന്നിവർക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയും അടങ്ങുന്നതാണ് ഫിഫ ഇലവൻ.

Close