ക്യാമ്പില്‍ മോശം ഭക്ഷണം: ബിഎസ്എഫ് ജവാന്റെ പരാതിയില്‍ രാജ്‌നാഥ് സിംഗിന്റെ നടപടി

ന്യൂഡല്‍ഹി: ക്യാമ്പില്‍ മോശം ഭക്ഷണം നല്‍കുന്നത് സംബന്ധിച്ച ബിഎസ്എഫ് ജവാന്റെ പരാതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടല്‍. പാക് അതിര്‍ത്തിയോട് ചേര്‍ന്ന് സേവനമനുഷ്ഠിക്കുന്ന ബിഎസ്എഫ് ഇരുപത്തിയൊന്‍പതാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് ആണ് സെല്‍ഫി വീഡിയോയിലൂടെ സങ്കടങ്ങള്‍ പുറത്തറിയിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട രാജ്‌നാഥ് സിംഗ് ഇത് സംബന്ധിച്ച് അധികൃതരോട് വിശദീകരണം തേടി.

പതിനൊന്ന് മണിക്കൂറോളം കഠിനമായി ജോലി ചെയ്യേണ്ടി വരുന്ന തങ്ങള്‍ക്ക് രാവിലെ ഒരു പൊറോട്ടയും ചായയുമാണ് കിട്ടുന്നത്. ഉച്ചയ്ക്ക് റൊട്ടിക്കൊപ്പം കിട്ടുന്ന ഡാലിന് മഞ്ഞളും ഉപ്പും മാത്രമാണ് ഉളളത്. ഡ്യൂട്ടി സമയത്ത് ഏറിയപങ്കും നില്‍ക്കേണ്ടി വരുന്ന തങ്ങള്‍ എങ്ങനെയാണ് മോശം ഇത്തരം മോശം ഭക്ഷണം കഴിച്ച് ഡ്യൂട്ടി ചെയ്യുന്നതെന്നായിരുന്നു തേജ് ബഹാദൂര്‍ യാദവിന്റെ ചോദ്യം. ജോലിസ്ഥലത്ത് നിന്നാണ് വീഡിയോ ഷൂട്ട് ചെയ്ത് തേജ് ബഹാദൂര്‍ യാദവ് ഫെയ്‌സ്ബുക്ക് വഴി പുറത്തുവിട്ടത്.

കാവല്‍ നില്‍ക്കുന്ന പ്രദേശത്തെ മഞ്ഞ് വീഴ്ചയും ഭൗമശാസ്ത്രപരമായ ബുദ്ധിമുട്ടുകളും ഒക്കെ വീഡിയോയില്‍ കാണാം. ക്യാമ്പില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വീഡിയോദൃശ്യങ്ങളും ഇയാള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ പലരും ബന്ധപ്പെട്ടതോടെ തന്റെ ഫോണ്‍ നമ്പരും ഫെയ്‌സ്ബുക്കില്‍ നല്‍കി. തുടര്‍ന്നാണ് രാജ്‌നാഥ് സിംഗിന്റെ അടിയന്തര ഇടപെടല്‍. അതിര്‍ത്തി രക്ഷാസേനയുടെ ഭക്ഷ്യവകുപ്പിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭടന്മാരുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധിക്കുന്ന സേനാവിഭാഗമാണ് ബിഎസ്എഫെന്നും വിഷയം അടിയന്തരമായി പരിശോധിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബിഎസ്എഫ് ട്വിറ്ററിലൂടെ അറിയിച്ചു.

Close