വിദേശത്തെ പുതുവത്സര അവധിക്ക് ശേഷം രാഹുല്‍ മടങ്ങിയെത്തി

ന്യൂഡല്‍ഹി: വിദേശത്തെ പുതുവത്സര അവധിക്ക് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മടങ്ങിയെത്തി. ഇന്നലെ രാത്രിയാണ് രാഹുല്‍ തിരിച്ചെത്തിയത്. ഇന്ന് പാര്‍ട്ടി നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി അടക്കമുളളവര്‍ രാഹുലിന്റെ വീട്ടിലെത്തി. രാഹുല്‍ ലണ്ടനിലായിരുന്നുവെന്നാണ് വിവരം. പുതുവത്സര രാവിന്റെ തലേന്നാണ് ട്വിറ്ററിലൂടെ താന്‍ കുറച്ച് ദിവസത്തേക്ക യാത്രയിലായിരിക്കുമെന്ന വിവരം രാഹുല്‍ അറിയിച്ചത്. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല.

ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് രാഹുല്‍ പോയത്. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മറ്റ് പാര്‍ട്ടി നേതാക്കള്‍ പ്രചാരണത്തിന്റെ മുന്നൊരുക്കം നടത്തുമ്പോള്‍ രാഹുലിനെപ്പോലൊരാള്‍ വിദേശത്തേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പോകുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വലയുന്നുവെന്ന് പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ അവധിയാഘോഷം.

Close