ഓം പുരിയ്ക്ക് തലയിൽ ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടൻ ഓം‌പുരിയുടെ തലയിൽ നാലു സെന്റിമീറ്റർ നീളത്തിൽ ഒരു മുറിവുളളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതേസമയം അദ്ദേഹം തലേ രാത്രിയിൽ മദ്യപിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തി.

ജനുവരി 6 വെളുപ്പിനെയാണ് ഓം‌പുരി ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുന്നത്. മുംബൈ പൊലീസ് ആകസ്മികമായ മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിച്ചു വരികയായിരുന്നു.

തലയിൽ കാണപ്പെട്ട മുറിവിന് ഒന്നരയിഞ്ച് ആഴവും നാലു സെന്റീമീറ്റർ നീളവുമുളളതായി ഒഷിവാര പൊലീസ് സ്റ്റേഷൻ വൃത്തങ്ങൾ വെളിപ്പെടുത്തി. അതേസമയം ഈ പരിക്കിന്റെ കാരണം വ്യക്തമല്ല.

മരണത്തിനു മുൻപ് അദ്ദേഹത്തെ അവസാനമായി കണ്ട വ്യക്തിയാണ് ഓം‌പുരിയുടെ ഡ്രൈവർ. അദ്ദേഹം തലേരാത്രിയിൽ മദ്യപിച്ചിരുന്നതായും മകൻ ഇഷാനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നതായും ഡ്രൈവർ വെളിപ്പെടുത്തി. എന്നാൽ സാധിച്ചിരുന്നില്ല. അദ്ദേഹം വൈകാരികമായ അവസ്ഥയിലായിരുന്നു അതേസമയം അദ്ദേഹത്തിന്റെ മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയുളളതായി താൻ കരുതുന്നില്ലെന്നും ഡ്രൈവർ വെളിപ്പെടുത്തി.

Shares 237
Close