പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം വ്യാജമായിരുന്നുവെന്ന് റിപ്പോർട്ട്

മുംബൈ: പാകിസ്ഥാൻ കഴിഞ്ഞ ദിവസം വിജയകരമായി വിക്ഷേപിച്ചുവെന്നവകാശപ്പെട്ട ബാബർ 3 എന്ന ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വ്യാജമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. മിസൈൽ പരീക്ഷണത്തിന്റേതെന്ന നിലയിൽ പാക് സൈനികവൃത്തങ്ങൾ പ്രചരിപ്പിച്ച വീഡിയോ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചു നിർമ്മിച്ചതാകാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ – ഉപഗ്രഹ അനലിസ്റ്റുകളാണ് ഇതു സംബന്ധിച്ച സാങ്കേതിക സാദ്ധ്യതകൾ പങ്കു വച്ചിട്ടുളളത്. പാകിസ്ഥാൻ പുറത്തു വിട്ട വീഡിയോയുടെ ചിത്രങ്ങൾ സഹിതമാണ് പാകിസ്ഥാന്റെ അവകാശവാദം വ്യാജമാകാനുളള സാദ്ധ്യത ഇവർ അക്കമിട്ടു നിരത്തുന്നത്. വീഡിയോയിലെ അസാദ്ധ്യമായ ഹൈപ്പർസോണിക് വേഗതയും ഇവർ ചൂണ്ടിക്കാട്ടുന്നു.

സമുദ്രാന്തർഭാഗത്തു നിന്ന് അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ബാബർ 3 എന്ന അണുവാഹകശേഷിയുളള മിസൈൽ ആണ് വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. അതേസമയം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വിക്ഷേപിച്ചുവെന്ന് അവകാശപ്പെടുന്ന മിസൈൽ എവിടെ നിന്നു വിക്ഷേപിച്ചുവെന്നോ, എപ്പോഴാണ് പരീക്ഷണം നടന്നതെന്നോ പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നില്ല. 450 കിലോമീറ്റർ ദൂരപരിധിയുളള ബാബർ 3, അണുവായുധമുൾപ്പെടെ നിരവധി പേലോഡുകൾ വഹിക്കാൻ ശേഷിയുളളതാണെന്നും പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.

Close