ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ ഷെഹനായ് വെളളിക്കു വേണ്ടി ഉരുക്കി; കൊച്ചുമകൻ അറസ്റ്റിൽ

ന്യൂഡൽഹി: പ്രശസ്ത ഷെഹനായ് മാന്ത്രികൻ ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ ഷെഹനായ് 17,000 രൂപയ്ക്ക് സ്വർണ്ണക്കടക്കാരനു വിറ്റ കൊച്ചുമകൻ ഉത്തർ‌പ്രദേശ് പൊലീസിന്റെ പിടിയിലായി. നസ്രേ ഹസൻ ആണ് പൊലീസ് പിടിയിലായത്.

നാലു ഷെഹനായികൾ ഇതോടകം ഉരുക്കിക്കഴിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഷെഹനായിയുടെ വെളളി ബേസ് ഉരുക്കി വീണ്ടെടുക്കുന്നതിനായാണ് ആ അമൂല്യ നിധിയുടെ വിലയറിയാതെ സ്വർണ്ണവ്യാപാരി അത് ഉരുക്കിയത്. ഇപ്പോൾ അവശേഷിക്കുന്നത് അതിലെ തടി ഭാഗം മാത്രമാണ്.

മുഹറം അടക്കമുളള സവിശേഷാവസരങ്ങളിൽ മാത്രം ഉസ്താദ് വാദനം ചെയ്തിരുന്ന, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഷെഹനായികളായിരുന്നു ഇവയെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

ഉസ്താദിന്റെ ഷെഹനായ് ശേഖരത്തിൽ നിന്നും അഞ്ചെണ്ണം കഴിഞ്ഞ മാസം മോഷണം പോയിരുന്നു. ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ വാരാണസി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഷെഹനായികളോടൊപ്പം ഉസ്താദിനു പ്രിയങ്കരങ്ങളായ മറ്റു ചിലതും രണ്ടു സ്വർണ്ണവളകളും നഷ്ടമായിട്ടുണ്ടായിരുന്നു.

രാജ്യം ഭാരതരത്നം നൽകി ആദരിച്ച ഷെഹനായ് മാന്ത്രികന് 2006ൽ അദ്ദേഹത്തിന്റെ വിയോഗം മുതൽക്കു തന്നെ  അദ്ദേഹത്തിന്റെ അവാർഡുകളും, പ്രിയപ്പെട്ട വസ്തുക്കളും സൂക്ഷിക്കുന്നതിന് ഒരു മ്യൂസിയം എന്ന ആവശ്യം ഉയർന്നിരുന്നു.

വാരാണസിയിൽ ജീവിച്ചിരുന്ന ഉസ്താദ്, ലളിത ജീവിതത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. ഗംഗാഘട്ടങ്ങളിലും കാശി വിശ്വനാഥക്ഷേത്രത്തിനു മുൻപിലുമിരുന്നുളള ആ നാദോപാസകന്റെ സാധകസപര്യകൾ പ്രദേശവാസികൾക്ക് നിത്യകാഴ്ച്ചയായിരുന്നു.

Close