ഡാർജിലിംഗിൽ വിനോദയാത്രാതീവണ്ടി പാളം തെറ്റി; 10 പേർക്കു പരിക്ക്

ഡാർജിലിംഗ്: ഡാർജിലിംഗിൽ വിനോദയാത്രാതീവണ്ടി പാളം തെറ്റി എഞ്ചിൻ ഡ്രൈവർ അടക്കം പത്തു പേർക്ക് പരിക്കേറ്റു. ഡാർജിലിംഗിൽ നിന്നും സിലിഗുരിയിലേയ്ക്കു പോവുകയായിരുന്ന തീവണ്ടി, കുർസിയോംഗിനും മഹാനദിക്കുമിടയിലാണ് ഇന്നുച്ചയ്ക്ക് 3.25ഓടെ അപകടത്തിൽപ്പെട്ടത്.

ഒരു വളവു തിരിയവേ തീവണ്ടിയുടെ വീൽ പാളത്തിൽ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികനിഗമനം. ഡീസൽ ഉപയോഗിച്ച് ഓടുന്ന എഞ്ചിനും രണ്ടു കോച്ചുകളുമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ കുർസിയോംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ഡയറക്ടർ ടി. ഭൂട്ടിയ പറഞ്ഞു. മറ്റുളളവരെ 32 കിലോമീറ്റർ അകലെയുളള ഡാർജിലിംഗ് ടൗണിലേയ്ക്ക് റോഡ് മാർഗം എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായി റെയിൽവേ എഞ്ചിനീയർമാരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Close