സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരേ വിജിലൻസ് കോടതിയിൽ ഹർജ്ജി

തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരേ വിജിലൻസ് കോടതിയിൽ ഹർജ്ജി. ഹർജ്ജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 19നു നിലപാടറിയിക്കാൻ വിജിലൻസിനോട് ഉത്തരവിട്ടു. ഉന്നതോദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും മറ്റുമെതിരേ സ്ഥിരം പരാതിക്കാരനായ പായിച്ചിറ നവാസാണ് ഹർജ്ജിക്കാരൻ.

വിജിലൻസ് ഡയറക്ടർ, ആഭ്യന്തര സെക്രട്ടറി എന്നിവരുൾപ്പെടെ നൽകുന്ന റിപ്പോർട്ടുകൾ അട്ടിമറിച്ചുവെന്നും, പ്രതികൾക്കു ചോർത്തി നൽകിയെന്നുമുളള ഗുരുതരമായ ആരോപണമാണ് ഹർജ്ജിയിലുളളത്. സർക്കാരിനെതിരേ ഐ.എ.എസ് ഉദ്യോഗസ്ഥർ തിരിയുന്നതിന്റെയും സമരം ചെയ്യുന്നതിന്റെയും പ്രധാന പ്രേരകശക്തിയും ചീഫ് സെക്രട്ടറിയാണെന്ന് ഹർജ്ജിയിൽ ആരോപണമുണ്ട്. നിയമലംഘനത്തിലൂടെ ഏഴു മാസമായി പാരിതോഷികങ്ങൾ കൈപ്പറ്റുന്നു, അനധികൃതസ്വത്തുസമ്പാദനം നടത്തുന്നു, അഴിമതിക്കാരെ സംരക്ഷിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഹർജ്ജിയിൽ ഉന്നയിക്കുന്നു.

ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം നൂറോളം സുപ്രധാന നടപടിശുപാർശകൾ പൂഴ്ത്തി വച്ചെന്നും അവ കുറ്റാരോപിതർക്കു ചോർത്തി നൽകിയെന്നും ആക്ഷേപമുണ്ട്. വിജിലൻസ് ഡയറക്ടർ ആവശ്യപ്പെടുന്ന മിക്ക റിപ്പോർട്ടുകളും നൽകാതിരിക്കുന്നതുൾപ്പെടെയുളള ആരോപണങ്ങളും ഹർജ്ജിയിൽ പറയുന്നു.

Close