കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയാകില്ല; സിസോഡിയയുടെ പ്രസ്താവന തിരുത്തി എഎപി

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ് രിവാളായിരിക്കും പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെന്ന മനീഷ് സിസോഡിയയുടെ പ്രസ്താവന തിരുത്തി ആം ആദ്മി പാര്‍ട്ടി. കെജ് രിവാളിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മാത്രമാണ് സിസോഡിയ ഉദ്ദേശിച്ചതെന്നും കെജ് രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നും എഎപി നേതൃത്വം വ്യക്തമാക്കി.

മാദ്ധ്യമങ്ങളോട് പ്രതികരിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മനീഷ് സിസോഡിയയുടെ വാക്കുകളാണ് അണികളില്‍ ഉള്‍പ്പെടെ ആശയക്കുഴപ്പത്തിന് വഴിവെച്ചത്. ഡല്‍ഹി കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് പഞ്ചാബ്. എന്നാല്‍ അടുത്തിടെ നേതൃത്വത്തിലെ പിടിപ്പുകേട് മൂലം ഇവിടെ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെജ് രിവാളിനെ തന്നെ മുന്നിട്ടിറക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മനീഷ് സിസോഡിയ വ്യക്തമാക്കിയത്.

കെജ് രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നായിരുന്നു സിസോഡിയയുടെ വാക്കുകള്‍. എന്നാല്‍ പ്രതികരണം പാര്‍ട്ടിയുടെ പല നേതാക്കളിലും അതൃപ്തിക്ക് കാരണമായതോയടെയാണ് എഎപി വിശദീകരണവുമായി രംഗത്തെത്തിയത്. പഞ്ചാബിലെ ജനങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കെജ് രിവാളിന് ഉത്തരവാദിത്വമുണ്ടെന്നും സിസോഡിയ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി പദം ഉപേക്ഷിക്കാനാണ് കെജ് രിവാള്‍ നീക്കം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എഎപിയുടെ വിശദീകരണം. പഞ്ചാബിലെ 117 സീറ്റുകളിലേക്കും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Close