സംസ്ഥാനത്ത് നാളെ മുതല്‍ പുതിയ സിനിമകള്‍ റിലീസിനെത്തും

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസിനെത്തും. കൊച്ചിയിലെ ഫിലിം ചേമ്പര്‍ ഓഫിസില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് പുതിയ ചിത്രങ്ങള്‍ നാളെയെത്തുമെന്ന് ഉറപ്പിച്ചത്. വിജയ് നായകനാകുന്ന തമിഴ് ചിത്രം ഭൈരവയാണ് നാളെ തിയേറ്ററുകളിലെത്തുക.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലല്ലാത്ത തിയേറ്ററുകളില്‍ 19ന് ശേഷം പുതിയ മലയാള ചിത്രങ്ങളും  റിലീസിനെത്തിക്കാനും യോഗത്തില്‍ തീരുമാനമായി. ഇരുന്നൂറോളം തിയറ്ററുകളിലാണ് ഭൈരവ എത്തുക. പിന്നാലെ ക്രിസ്തുമസിന് റിലീസ് ചെയ്യേണ്ടിയിരുന്ന മലയാള ചിത്രങ്ങളും തിയേറ്ററിലെത്തും. ഇത് സംബന്ധിച്ച് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും കോര്‍ കമ്മിറ്റിയോഗം തീരുമാനമെടുക്കും.

അതേസമയം നാളെ റിലീസ് ചെയ്യാനിരുന്ന മലയാള ചിത്രം കാംബോജി തിയറ്ററുകളുടെ ലഭ്യതക്കുറവിനെ തുടര്‍ന്ന് നീട്ടിവെച്ചു. തിയേറ്റര്‍ വിഹിതത്തിന്റെ 50 ശതമാനം വേണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മാതാക്കളും തള്ളിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചിരുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി പല തട്ടിലും ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരം വൈകുകയായിരുന്നു.

നിലവിലുളള തിയറ്റര്‍ വിഹിതത്തില്‍ തന്നെയാകും ഭൈരവ പ്രദര്‍ശിപ്പിക്കുക. നിര്‍മാതാക്കള്‍ക്ക് 60 ശതമാനവും തിയറ്ററുകള്‍ക്ക് 40 ശതമാനവുമാണ് നിലവിലെ വിഹിതം.

Close