റായ്പൂർ: ചണ്ഡിഗഢിൽ മാവോയിസ്റ്റുകൾ വില്ലേജ് സർപഞ്ചിനെ കൊലപ്പെടുത്തി. മസേനർ വില്ലേജിലെ രാജു നേതം എന്ന നാൽപ്പതുകാരനാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം രാജുവിന്റെ സ്വദേശമായ ഭാൻസിയിൽ വച്ച് മഴുവുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മാവോയിസ്റ്റുകളിലെ അൾട്രാസ് വിഭാഗത്തിൽ പെട്ട സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.മാരകായുധങ്ങളുമായെത്തിയ സംഘം രാജുവിന്റെ വീട്ടിലേക്ക് ഇരച്ചു കയറി, രാജുവിനെ വീട്ടിൽ നിന്നും റോഡിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതിനു ശേഷമാണ് കൊല ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സംഘം രാജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോയി.
അതേസമയം കൊലപാതകത്തിന്റെ യഥാർഥകാരണം വ്യക്തമല്ല. കൊലപാതകം നടന്ന സ്ഥലത്തു നിന്നും മാവോയിസ്റ്റുകളുടെ ഏതാനും ലഘുലേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.