തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്ക്കെതിരേ കേസെടുക്കാന്‍ തീരുമാനം. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അദ്ധ്യാപകര്‍ക്കെതിരേ കേസെടുക്കുക.
ജിഷ്ണുവിനെ മാനസീകമായി പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്ന വൈസ് പ്രിന്‍സിപ്പാള്‍ എന്‍.കെ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പിടിച്ച അധ്യാപകന് പ്രവീണ്‍, പരീക്ഷാഹാളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് അധ്യാപകര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. കോളജ് പ്രിന്സിപ്പാളിനെതിരേയും കേസെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ജനുവരി ആറിന് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ജിഷ്ണു കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പിടികൂടുന്നത്. ജിഷ്ണുവിനെ കഠിനമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ഹോസ്റ്റല്‍ മുറിയിലെത്തി ജിഷ്ണു ജീവനൊടുക്കുകയുമായിരുന്നുവെന്നുമാണ് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നത്.
ജിഷ്ണുവിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് നേരത്തെ കേസെടുത്തിരുന്നത്. എന്നാല്‍ ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആത്മഹത്യാപ്രേരണക്കുറ്റം ചേര്‍ത്ത് മുന്നോട്ടുപോകാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പ്രത്യേക അന്വേഷണസംഘം യോഗം ചേര്‍ന്നാണ് അദ്ധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്.