ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കുന്നു

ബംഗളൂരു : ഭാരതത്തിന്റെ അഭിമാനമായ ശബ്ദാദിവേഗ ക്രൂയിസ് മിസൈൽ ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കുന്നു . നിലവിൽ 290 കിലോമീറ്ററുള്ള ദൂരപരിധി 450 ആക്കാനാണ് തീരുമാനം. മാർച്ച് പത്തോടെ പരീക്ഷണം നടത്തുമെന്ന് ഡി ആർ ഡി ഒ മേധാവി എസ് ക്രിസ്റ്റഫർ അറിയിച്ചു.

സോഫ്റ്റ്‌വെയറിൽ ചില നവീകരണം ആവശ്യമുണ്ടെന്നും അതിനു ശേഷം പരീക്ഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 800 കിലോമീറ്റർ ദൂര പരിധിയുള്ളാ ബ്രഹ്മോസിന്റെ അടുത്ത പതിപ്പിറക്കാനും ഡി ആർ ഡി ഒ പദ്ധതിയിടുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശത്രുവിന്റെ വ്യോമപ്രതിരോധത്തെ മറികടന്ന് ലക്ഷ്യം ഭേദിക്കാൻ കഴിവുള്ള ചുരുക്കം ചില മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്.ക്രൂയിസ് മിസൈൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ബ്രഹ്മോസ് കൃത്യതയിലും, പ്രഹരശേഷിയിലും മികച്ചതാണ്. മാത്രവുമല്ല ലക്ഷ്യത്തിലെത്തുന്നതു വരെ ബ്രഹ്മോസ് മിസൈലുകൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന മെച്ചവുമുണ്ട്. മലമടക്കുകളിലോ, വനാന്തരങ്ങളിലോ കൃത്യമായി ലക്ഷ്യം കാണുന്നതിന് ബ്രഹ്മോസിനു കഴിവുണ്ട്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലും ബ്രഹ്മോസ് ആണ്. കരയിൽ നിന്നും, കടലിൽ നിന്നും, ആകാശത്തു നിന്നും, അന്തർവാഹിനികൾക്കുളളിൽ നിന്നുമൊക്കെ വിക്ഷേപിക്കാവുന്ന ബ്രഹ്മോസിന് 2.8 മുതൽ 3.0 വരെ മാക് സ്പീഡ് കൈവരിക്കാനാകും. റഷ്യയുടെ പി 800 ക്രൂയിസ് മിസൈലിനെ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ബ്രഹ്മോസിന് ഭാരതത്തിന്റെ ബ്രഹ്മപുത്ര, റഷ്യയുടെ മോസ്‌കോവ എന്നീ നദികളുടെ പേരുകൾ ചേർത്താണ് ഈ പേരു ലഭിച്ചത്. നിലവിൽ ഭാരതീയ നാവികസേനയും, കരസേനയുമാണ് ബ്രഹ്മോസ് ഉപയോഗിച്ചു വരുന്നത്.

Close